കെ.എസ്.ഇ.ബിയിലും പിന്‍വാതില്‍ നിയമനം; പി.എസ്.സി നോക്കുകുത്തി, പാർട്ടിക്കാരെ നിയമിക്കുന്നത് കുടുംബശ്രീ വഴി

Jaihind News Bureau
Monday, June 15, 2020

 

പി.എസ്.സിയെ നോക്കുകുത്തിയാക്കി കെ.എസ്.ഇ.ബിയിലും പിന്‍വാതില്‍ നിയമനങ്ങള്‍. ഡാറ്റാ എന്‍ട്രി, ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നത് കുടുംബശ്രീ വഴി. പി.എസ്.സിയോ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകൾ വഴിയോ നടത്തേണ്ട നിയമനമാണ് വഴിവിട്ട രീതിയില്‍ കുടുംബശ്രീ വഴി നടത്തുന്നത്. സി.പി.എം അനുഭാവികളെ ബോർഡില്‍ കുത്തിനിറയ്ക്കാനുള്ള രാഷ്ട്രീയ നീക്കമാണ് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം.

2021 മാർച്ച് വരെ നീളുന്ന പത്ത് മാസ കാലാവധിയുള്ള നിയമങ്ങൾക്കാണ് കുടുംബശ്രീയ്ക്ക് കോൺട്രാക്റ്റ് നൽകിയിരിക്കുന്നത്. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് പ്രതിദിനം 740 രൂപയും ഹെൽപ്പർക്ക് 645യുമാണ് തീരുമാനിച്ചിരിക്കുന്നത്. ഡാറ്റാ എന്‍ട്രി, ഹെല്‍പ്പർ തസ്തികകളിലേക്ക് നിയമനം നടത്താനായി കുടുംബ ശ്രീയ്ക്ക് 89,20,800 രൂപ അനുവദിച്ച് കൊണ്ടുള്ള ബോർഡിന്‍റെ ഉത്തരവും പുറത്തിറങ്ങി. ഇത്രയും തുക അനുവദിക്കാൻ കഴിയാത്ത സിവിൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഉത്തരവിൽ ഒപ്പ് വെച്ചത് എന്നതിലും ദുരൂഹത വ്യക്തമാണ്. അംഗീകൃത യൂണിയനുകളോട് ആലോചിക്കുകയോ ബോർഡിന്‍റെ അനുവാദമോ തേടാതെയാണ് വഴിവിട്ട രീതിയില്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ ഈ നിയമന നീക്കം ഒരു തൊഴിലാളി സംഘടനയെയും ബോർഡ് അധികൃതർ അറിയിച്ചിട്ടില്ല. വഴിവിട്ട നിയമനമായതിനാലാണ് തങ്ങളെ അറിയിക്കാത്തത് എന്നാണ് യൂണിയനുകൾ കരുതുന്നത്. ഡാറ്റാ എന്‍ട്രി, ഹെല്‍പ്പർ തസ്തികളിലേക്കായി 72 പേരെയാണ് എടുക്കുന്നത് എന്ന് പറയുമ്പോഴും ഇതിന്‍റെ ഇരട്ടിയിലേറെ പേരെ നിയമിക്കാന്‍ നീക്കമുണ്ടെന്നാണ് വിവരം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം നടത്തുന്ന രാഷ്ട്രീയ നീക്കമാണ് ഇത്തരം നിയമനങ്ങളുടെ പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. ബോർഡില്‍ തങ്ങളുടെ ആള്‍ക്കാരെ കുത്തിനിറയ്ക്കാനുള്ള നീക്കമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. പത്ത് മാസത്തേക്കാണ് നിയമനമെങ്കിലും അടുത്ത വർഷം കരാർ നീട്ടി നൽകാനുള്ള അവസരവുമുണ്ട്. കെ.എസ്.ഇ.ബിയിൽ ഒഴിവുകൾ ഉണ്ടെങ്കിൽ ബോർഡ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. എന്നാല്‍ ഇവിടെ ഇതെല്ലാം കാറ്റില്‍ പറത്തി കുടുംബശ്രീയില്‍ നിന്ന് നിയമനം നടത്താനുള്ള നീക്കമാണ് നടത്തുന്നത്. നിലവില്‍ ഇത്രയും പേരെ കെ.എസ്.ഇ.ബിക്ക് ആവശ്യമില്ല എന്ന യാഥാർത്ഥ്യം നിലനില്‍ക്കെയാണ് തിരക്കിട്ട് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുന്നത്.

പി.എസ്.സിയുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കുന്ന നടപടികളാണ് ഇടത് ഭരണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കെ.എ.എസ് പരീക്ഷയുടെ മൂല്യനിർണയം പ്രത്യേക ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മാനുവലായി നടത്താനുള്ള തീരുമാനം ഇതില്‍ ഒടുവിലത്തേതാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പി.എസ്.സിയെ നോക്കുകുത്തിയാക്കി കുടുംബശ്രീയില്‍ നിന്ന് കെ.എസ്.ഇ.ബിയില്‍ നിയമനം നടത്താനുള്ള നീക്കത്തിന്‍റെ വിശദാംശങ്ങളും പുറത്തുവരുന്നത്.