തിരുവനന്തപുരം കോർപ്പറേഷനില്‍ തിരുകിക്കയറ്റല്‍ ; ശുചീകരണ തൊഴിലാളികളുള്‍പ്പെടെ പി.എസ്.സി റിപ്പോർട്ട് ചെയ്യേണ്ട തസ്തികകളില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിരവധി തസ്തികകളില്‍ തിരുകിക്കയറ്റല്‍ വ്യാപകമെന്ന് ആക്ഷേപം. ജെ.പി.എച്ച് നഴ്സുമാരും ശുചീകരണ തൊഴിലാളികളും തസ്തിക മാറി ജോലി ചെയ്യുന്നതായാണ് ആക്ഷേപം. 100ലധികം തൊഴിലാളികളാണ് ഇത്തരത്തിൽ തസ്തിക മാറി ജോലി ചെയ്യുന്നത്.  ഓഫീസ് അസിസ്റ്റന്റ്, വിവിധ പ്രൊജക്ടുകളുടെ അറ്റൻ‌‌ഡർമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ അറ്റൻ‌‌ഡർമാർ, ഹെൽത്ത് വിഭാഗം എന്നിവിടങ്ങളിലാണ് നിലവിൽ ഇവരെ നിയോഗിച്ചിരിക്കുന്നത്.

1300 ശുചീകരണ തൊഴിലാളികളാണ് തിരുവനന്തപുരം നഗരസഭയിലുള്ളത്. നഗരസഭയുടെ കഴിഞ്ഞ വാർഷിക ഭരണ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് 803 സ്ഥിരം തൊഴിലാളികൾ, 398 തുമ്പൂർമുഴി തൊഴിലാളികൾ, 99 താത്കാലിക ജീവനക്കാർ‌ എന്നതാണ് കണക്ക്. രേഖകളിൽ ഇവരുടെ പേരും തസ്തികയും ശുചീകരണ തൊഴിലാളികളെന്നാണ്.

എന്നാൽ അവരുടെ ജോലി മേയർ ഓഫീസിലും സോണൽ ഓഫീസിലും മറ്റും മറ്റൊരു തസ്തികയിലാണ്. പി.എസ്.സി വഴി റിപ്പോർട്ട് ചെയ്യപ്പെടേണ്ട ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ഒഴിവിൽ പോലും ഇത്തരത്തിലുള്ളവരെ തിരുകിക്കയറ്റിയിരിക്കുന്നെന്നും ആക്ഷേപമുണ്ട്. ഇതേക്കുറിച്ചുള്ള പരാതികൾ തദ്ദേശ വകുപ്പിൽ എത്തിയെങ്കിലും അവ ഫയലിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

 

Comments (0)
Add Comment