മന്ത്രിസഭാ തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം ; നിയമനത്തിന് കമല്‍ മാനദണ്ഡം : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 4, 2021

 

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടുകള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 5 വര്‍ഷവും കൈക്കൊള്ളാത്ത തീരുമാനങ്ങള്‍ അവസാനകാലത്ത് എടുക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആയിരക്കണക്കിന് നിയമനങ്ങള്‍ പിന്‍വാതിലിലൂടെ നടത്തിയ ശേഷം അവയെല്ലാം സ്ഥിരപ്പെടുത്തുന്നത് അക്ഷന്തവ്യമായ തെറ്റാണ്. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ആളുകളെ നിയമിക്കുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങളും താത്കാലിക നിയമനങ്ങളും വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്.

ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്‍റെ ഏക മാനദണ്ഡം സംവിധായകന്‍ കമല്‍ പറഞ്ഞത് മാത്രമാണ്.  ഇടതുപക്ഷ അനുയായികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്‍റെ ന്യായമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചെയര്‍മാനായ കമല്‍ നല്‍കിയ കത്തില്‍ ജീവനക്കാര്‍ സിപിഎം അനുഭാവികളാണെന്ന് എഴുതിയത് വിവാദമായിരുന്നു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ താല്‍ക്കാലിക നിയമനങ്ങളെല്ലാം പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കുറ്റം ചെയ്തതായി കോടതിക്ക് പോലും ബോധ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അര്‍ഹമായ യോഗ്യതയുണ്ടായിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് നിയമസഹായം നല്‍കുന്നത് പരിഗണിക്കും. പൊതുമേഖല സ്ഥാപനങ്ങളില്‍ ചട്ടവിരുദ്ധമായി പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് അക്ഷന്തവ്യമായ തെറ്റ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി, റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടുന്നത് പൊള്ളത്തരം. സുപ്രീം കോടതി വിധിക്ക് എതിര് വകുപ്പ് സെക്രട്ടറിമാര്‍ ചൂണ്ടിക്കാണിച്ചിട്ടും മുന്നോട്ട് പോയി. സി -ഡിറ്റ്, കെല്‍ട്രോണ്‍ എന്നിവയില്‍ നൂറു കണക്കിന് നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.