മുല്ലപ്പെരിയാർ മരംമുറി വിവാദം : ഉത്തരവ് റദ്ദാക്കി മുഖം രക്ഷിക്കാൻ സർക്കാർ നീക്കം ; നിയമോപദേശം തേടി

Jaihind Webdesk
Tuesday, November 9, 2021

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കാനാകുമോയെന്ന കാര്യത്തിൽ സർക്കാർ എജിയോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിലും തീരുമാനമാകുക.

വൈൽഡ് ലൈഫ് വാർഡന് എതിരെ മാത്രം നടപടി എടുത്താൽ നിലനിൽക്കുമോയെന്ന് സംശയവും സർക്കാരിനുണ്ട്. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയിൽ പിഴവ്. ഉത്തരവ് ഇറക്കും മുമ്പ് പരിശോധന നടന്നതായാണ് പുറത്തുവരുന്ന വിവരം. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.

എന്നാൽ അത് വാരാന്ത്യ പരിശോധനയുടെ ഭാഗമായിരുന്നു പരിശോധനയെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതുസംബന്ധിച്ച ഫയലുകൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പിഴവിന്റെ പശ്ചാത്തലത്തിൽ സഭയിൽ വനം മന്ത്രി മറുപടി തിരുത്തിയേക്കും.

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എ.കെ. ശശീന്ദ്രന് നേരത്തെ കടുത്ത അതൃപ്തിയുമായി രംഗത്ത് വന്നിരുന്നു. നിർണായക അവസരങ്ങളിൽ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവുകൾ ഇറങ്ങുന്നതിലെ അതൃപ്തി മന്ത്രി മുഖ്യമന്ത്രിയേയും അറിയിച്ചു. വിവാദ ഉത്തരവ് ഇറക്കിയതിൽ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടിയുണ്ടാവും.