പുനഃസംഘടനയില്‍ മോദി തഴഞ്ഞു ; പിന്നാലെ രാഷ്ട്രീയം മതിയാക്കി ബാബുല്‍ സുപ്രിയോ

Jaihind Webdesk
Saturday, July 31, 2021

കൊല്‍ക്കത്ത : പുനഃസംഘടനയിൽ കേന്ദ്ര മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെട്ട ബിജെപി എംപി ബാബുൽ സുപ്രിയോ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. എംപിമാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച മന്ദിരം ഒരു മാസത്തിനുള്ളില്‍ ഒഴിയുമെന്നും എംപി സ്ഥാനം രാജിവെക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. രാജി സമര്‍പ്പിക്കാന്‍ സ്പീക്കറുടെ അപ്പോയിന്റ്‌മെന്റ് തേടി എന്ന വാര്‍ത്തകളുമുണ്ട്.

പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ചും പോസ്റ്റ് സൂചനകള്‍ നല്‍കുന്നുണ്ട്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് രാജിയുമായി ബന്ധമുണ്ടെന്ന തുറന്നു പറച്ചിലും അദ്ദേഹം നടത്തുന്നുണ്ട്. “എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം നല്‍കണം, കാരണം അത് പ്രസക്തമാണ്! ഞാന്‍ രാഷ്ട്രീയം വിടാന്‍ ആഗ്രഹിക്കുന്നതെന്തെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിലും ചോദ്യങ്ങള്‍ വരാം. എന്നാല്‍ ബന്ധമുണ്ടെന്ന് തന്നെയാണ് മറയില്ലാതെ ഞാന്‍ പറയുന്നത്. 2014 നും 2019 നും ഇടയില്‍ വലിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. മുതിര്‍ന്നവരും യുവാക്കളുമായി വലിയ നേതൃനിര തന്നെയുണ്ട്. അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങളിലെത്തും. ആര് വരുന്നു പോകുന്നു എന്നത് പ്രശ്‌നമേയല്ല” അദ്ദേഹം കുറിച്ചു.

രണ്ട് തവണ പാര്‍ലമെന്റ് അംഗമായ ബാബുല്‍ സുപ്രിയോ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഏപ്രില്‍-മെയ് പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അരൂപ് ബിശ്വാസിനോട് തോറ്റത് രാഷ്ട്രീയത്തിലെ വലിയ തിരിച്ചടിയായി.