അയോധ്യ : ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി പത്തിലേയ്ക്ക് മാറ്റി

Jaihind Webdesk
Friday, January 4, 2019

Ayodhya-Ramjanmbhoomi-Babri MasjidSC

അയോധ്യ കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി പത്തിലേയ്ക്ക് മാറ്റി.  കേസുകള്‍ പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് 10ന് രൂപീകരിക്കും. അയോധ്യ കേസുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി മുതല്‍ പുതിയ ബെഞ്ച് ആകും പരിഗണിക്കുക.

അയോധ്യ കേസില്‍ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് വിവിധകക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്ന കോടതി, ഈ ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് മൂന്നംഗ ബെഞ്ച് രൂപവത്കരിച്ചേക്കും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നുകക്ഷികള്‍ക്കായി വീതിച്ചുനല്‍കാനായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് വിവിധ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസ് ജനുവരിയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.