അയോധ്യ ഭൂമി തർക്ക കേസിൽ മധ്യസ്ഥ സമിതിയുടെ കാലാവധി നീട്ടി

Jaihind Webdesk
Friday, May 10, 2019

അയോധ്യ ഭൂമി തർക്ക കേസിൽ മധ്യസ്ഥ സമിതിയുടെ കാലാവധി നീട്ടി.ഓഗസ്റ്റ് പതിനഞ്ച് വരെയാണ് കാലാവധി നീട്ടിയത്.ജൂണിൽ മധ്യസ്ഥ ചർച്ച പുനരാംരംഭിക്കും.

മധ്യസ്ഥ സംഘത്തിന്‍റെ ഇടക്കാല റിപ്പോർട്ട് ലഭിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ എട്ട് ആഴ്ചയാണ് സമിതിക്ക് കോടതി നേരത്തെ നൽകിയത്. സമിതിക്ക് എല്ലാ കക്ഷികളോടും സംസാരിച്ച് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് സമിതി കോടതിയെ അറിയിച്ചിരുന്നു.  എന്നാൽ സമയം അവസാനിച്ചപ്പോൾ ഇടക്കാല റിപ്പോർട്ട് നൽകി കൂടുതൽ സമയം സമിതി ആവശ്യപ്പെടുകയായിരുന്നു.

മുസ്ലിം സംഘടനകൾ മധ്യസ്ഥ ചർച്ചകൾക്ക് സമയം നീട്ടി നൽകുന്നതിനെ അനുകൂലിച്ചു. ഇതോടെ  കാലാവധി നീട്ടണമെന്ന സമിതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.  രേഖകളുടെ തർജ്ജിമ സംബന്ധിച്ച ഏതെങ്കിലും പരാതി ഉണ്ടെങ്കിൽ അത് അറിയിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.   സമവായത്തിലൂടെ പരിഹാരം ലഭിക്കുമെന്നുണ്ടെങ്കിൽ അതിനുള്ള അവസരം നൽകുമെന്ന് സുപ്രീം കോടതി സമയം നീട്ടിനൽകി കൊണ്ട് പറഞ്ഞത്.

മാർച്ച് മാസം എട്ടാം തീയതിയാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

യുപിയിലെ ഫൈസാബാദിൽ ഒരാഴ്ചയ്ക്കുള്ളിൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചർച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിർദേശം. നാലാഴ്ചയ്ക്കുള്ളിൽ മധ്യസ്ഥ സംഘം ആദ്യ റിപ്പോർട്ട് കോടതിയിൽ നൽകണമെന്നായിരുന്നു നിബന്ധന. ചർച്ചകൾ പൂർത്തിയാക്കാൻ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചിരുന്നു അതുവരെ മധ്യസ്ഥ ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ടായിരുന്നു.

പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചർച്ചകൾക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്. മധ്യസ്ഥ ചർച്ചയിൽ ഉരുതിരിയുന്ന ഒത്തുതീർപ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യക്കേസ് കേവലം ഭൂമിതർക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതാണ് അപൂർവ്വമായ മധ്യസ്ഥ ചർച്ച എന്ന വഴി കോടതി തെരഞ്ഞെടുത്തത്. മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചർച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങൾക്കിടയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.