ധീര രക്തസാക്ഷികളെ ഒഴിവാക്കുന്നത് ചരിത്രത്തെ കാവി പുതപ്പിക്കാന്‍ : എം.എം ഹസന്‍

 

തിരുവനന്തപുരം : ദേശീയ സ്വാതന്ത്ര്യ സമരത്തിലെ ഉജ്വലമായ മലബാര്‍ കലാപത്തിലെ ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യസമരചരിത്രത്തിന്‍റെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന നീക്കം ചരിത്രത്തെ കാവിപുതപ്പിക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് നടപടിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.

മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപം ആണെന്നുമുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കലാപത്തില്‍ പങ്കെടുത്ത 387 പേരുകള്‍ പട്ടികയില്‍ നിന്നും വെട്ടിമാറ്റാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ വെടിവെച്ചുകൊന്ന ധീരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കോയമ്പത്തൂര്‍ ജില്ലയില്‍ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ മതേതരത്വത്തിന്‍റെ കാവലാള്‍ ആയിരുന്ന ആലി മുസ്ലിയാരെയും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വര്‍ഗീയവാദികളും കൊള്ളക്കാരുമായി ചിത്രീകരിച്ച ബ്രിട്ടീഷ് ഭരണാധികാരികള്‍ വക്രീകരിച്ച സ്വാതന്ത്ര്യസമരചരിത്രത്തെയാണ് ചരിത്ര ഗവേഷണ കൗണ്‍സിലും അവരെ നിയന്ത്രിക്കുന്ന മോദി ഗവണ്‍മെന്‍റും ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഖിലാഫത്ത് നിസഹകരണ സമരത്തിന്‍റെ ഭാഗമായിട്ടാണ് 1921 ല്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.ഖിലാഫത്ത് നിസഹകരണ സമരത്തിന് ആലി മുസ്ലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാത്രമല്ല എം പി നാരായണമേനോനേയും മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിനെയും പോലുള്ള നിരവധി നേതാക്കള്‍ പങ്കെടുത്തിരുന്നെന്ന ചരിത്രസത്യം ചരിത്ര ഗവേഷണ കൗണ്‍സില്‍ കണക്കില്‍ എടുത്തിട്ടില്ല. മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിച്ച ജനരോഷത്തിന്‍റെ അടിസ്ഥാനം ഹിന്ദു മുസ്ലിം ഐക്യം ആണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് പോലീസാണ് സാമ്രാജ്യത്വത്തിന്‍റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം സമരത്തെ തകര്‍ക്കാന്‍ വിനിയോഗിച്ചത്. മലബാര്‍ കലാപത്തെ വര്‍ഗീയലഹളയാക്കി ചിത്രീകരിക്കാന്‍ ബ്രിട്ടീഷ് പോലീസ് പ്രയോഗിച്ച കുതന്ത്രങ്ങളാണ് സമരത്തിലെ ഐക്യത്തെയും സൗഹാര്‍ദ്ദത്തെയും തകര്‍ക്കാന്‍ സഹായകമായതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷിക ആഘോഷ വേളയില്‍ ആഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും ചരിത്ര ഗവേഷണ കൗണ്‍സിന്‍റെ തീരുമാനവും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനുള്ള സംഘപരിവാറില്‍ അജണ്ടയാണ്. ചരിത്ര ഗവേഷണ കൗണ്‍സില്‍ വെട്ടി കളഞ്ഞാലും കാലത്തിന്‍റെ കല്‍ഭിത്തിയില്‍ കൊത്തിവെച്ച മലബാര്‍ കലാപത്തിലെ രക്തസാക്ഷികളുടെ പേരുകള്‍ ദേശാഭിമാനികളുടെ മനസില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ മാഞ്ഞു പോകുകയില്ലെന്നും ഹസന്‍ പറഞ്ഞു.

Comments (0)
Add Comment