സിഡ്നി : ഓസ്ട്രേലിയയെ വിറപ്പിച്ച് എലികള്‍ പെരുകിയതോടെ ഇന്ത്യയില്‍ നിന്ന് വിഷം വാങ്ങാനൊരുങ്ങി ഓസ്ട്രേലിയ. എലിശല്യം രൂക്ഷമായതോടെ കാർഷിക മേഖലയിൽ അടക്കം വൻ പ്രതിസന്ധിയാണ് ഓസ്ട്രേലിയ നേരിടുന്നത്. എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബ്രോമാഡിയോലോണ്‍ എന്ന വിഷം ഇന്ത്യയില്‍ നിന്ന് വാങ്ങാനൊരുങ്ങുകയാണ് ഓസ്ട്രേലിയ.
5000 ലിറ്റര്‍ വിഷം ഇന്ത്യയില്‍നിന്ന് വാങ്ങാനാണ് ഓസ്‌ട്രേലിയയുടെ നീക്കം. ഓസ്‌ട്രേലിയയില്‍ നിരോധിച്ചിട്ടുള്ള വിഷമാണ് ബ്രോമാഡിയോലോണ്‍. വിഷത്തിന് ഓർഡർ നൽകിയതായാണ് റിപ്പോർട്ടുകള്‍. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളാണ് എലി ശല്യം കൊണ്ട് പ്രതിസന്ധിയിലായത്. എലികളെ തുരത്താൻ പല വഴികൾ തേടിയെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല. ഇതോടെയാണ് രാജ്യത്തിന് നിരോധനമുള്ള വിഷം ഇന്ത്യയിൽ നിന്നും എത്തിക്കാൻ തീരുമാനിച്ചത്.
എലികൾ പരത്തുന്ന രോഗങ്ങളും ഏറിവരികയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ കിഴക്കന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളും ഹോട്ടലുകളിലും എലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. മേല്‍ക്കൂരയില്‍നിന്നും മറ്റും എലികള്‍ കൂട്ടമായി താഴേക്ക് വീഴുന്നതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അതേസമയം ബ്രോമാഡിയോലോണ്‍ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയയുടെ ഫെഡറല്‍ റെഗുലേറ്റര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.