മോദിയുടെ രാഷ്ട്രീയവൈരം തീര്‍ക്കാന്‍ അഗസ്റ്റ കള്ളക്കഥ: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, January 1, 2019

au

റഫാല്‍ ഇടപാടില്‍ പ്രധാമന്ത്രി നരേന്ദ്രമോദിയുടെ വന്‍ അഴിമതി കണ്ടുപിടിച്ചതിലുള്ള രാഷ്ട്രീയവൈരം തീര്‍ക്കാന്‍ മെനഞ്ഞെടുത്ത കള്ളക്കഥയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും പങ്കുണ്ടെന്ന ആക്ഷേപമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി.
എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍ നാടകീയമായി അനവസരത്തിലാണ് ഇവരുടെ പേരുകള്‍ കോടതില്‍ വലിച്ചിഴച്ചത്. അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റന്‍ മിഷേലിനു മേല്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ സമ്മര്‍ദവും ഭീഷണിയും മുഴക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇതിലെ രാഷ്ട്രീയം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കരാറില്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ ഉടനേ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ഇറ്റലിയിലെ മിലാന്‍ കോടതിയില്‍ കേസ് നടത്തി കരാര്‍ തുകയും ബാങ്ക് ഗ്യാരന്റിയും മൂന്നു ഹെലികോപ്റ്ററുകളും തിരിച്ചുപിടിക്കുകയും ചെയ്തു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ഉത്തരവിട്ടു.
തുടര്‍ന്ന് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ വെറും മൂന്നു മാസത്തിനിടയില്‍ ഈ കമ്പനിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രതിരോധ മേഖലയിലെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ ഇവരെ പങ്കാളിയാക്കുകയും നാവികസേനയ്ക്ക് 100 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പദ്ധതിയുടെ ടെണ്ടറില്‍ പങ്കെടുക്കാന്‍ കമ്പനിക്ക് അനുമതി നല്കുകയും ചെയ്തു. 2015ല്‍ ബെംഗളൂരുവില്‍ നടന്ന എയ്‌റോ ഇന്ത്യ ഷോയില്‍ പങ്കെടുക്കാന്‍ അഗസ്റ്റയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയ്ക്ക് അവസരം നല്കിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
റഫാല്‍ ഇടപാടില്‍ കുടുങ്ങി വെറളിപിടിച്ച മോദി അന്നു മുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ നോക്കുകയാണ്. ഹിന്ദി ഹൃദയഭൂവില്‍ കോണ്‍ഗ്രസിന്റെ വിജയം കൂടിയായതോടെ മോദി പ്രതികാരദാഹിയായിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത മോദി രാഷ്ട്രീയപോരാട്ടം ഒഴിവാക്കി വളഞ്ഞ വഴിയിലൂടെ പിടിച്ചുനില്കാനാണു നോക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കുടുംബങ്ങളെ വിദൂരബന്ധം പോലുമില്ലാത്ത കാര്യത്തില്‍ കുടുക്കാന്‍ നോക്കുന്നതു ക്രൂരമാണ്. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച മോട്ടിലാല്‍ നെഹ്രുവിന്റെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും പാരമ്പര്യമാണ് ഇവരുടേത്. പ്രധാനമന്ത്രിപദം പോലും നിരസിച്ച ചരിത്രമാണ് സോണിയ ഗാന്ധിക്കുള്ളത്. ഇതെല്ലാം മോദി മറന്നാലും ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ട കാര്യങ്ങളാണ്. ഇവരെ വേട്ടയാടാന്‍ ശ്രമിക്കുന്നവര്‍ അപഹാസ്യരായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടുമെന്നു ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.