തദ്ദേശസ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവെക്കാന്‍ ; ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണം : രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Tuesday, October 20, 2020

 

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവെക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഡിറ്റ് ഡയറക്ടറുടെ തീരുമാനം ചട്ട വിരുദ്ധമാണ്. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർക്ക് അത്തരമൊരു നിർദ്ദേശം നൽകാനാവില്ല. ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുവരെ നടത്തിയ ഓഡിറ്റിന്‍റെ റിപ്പോർട്ട് തടഞ്ഞുവെക്കാനും നിർദ്ദേശമുണ്ട്. ധനകാര്യവകുപ്പിന്‍റെ നിർദ്ദേശം വന്നിട്ട് റിപ്പോർട്ട് പുറത്തു വിട്ടാൽ മതി എന്നാണ് തീരുമാനം. ധനകാര്യ കമ്മീഷന്‍റെ ശുപാർശ അനുസരിച്ചുള്ള ഗ്രാന്‍ഡ് ലഭിക്കുന്നതിനുള്ള മർഗനിർദ്ദേശം വരുന്നത് വരെ ഓഡിറ്റ് നിർത്തിവെയ്ക്കാനും തീരുമാനം. ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള അഴിമതികൾ പുറത്തു വരുമെന്ന് സർക്കാരിന് ഭയം.  തദ്ദേശ സ്ഥാപനങ്ങളിലെ ഗുരുതര അഴിമതികൾ മൂടിവെയ്ക്കാനാണ് ശ്രമം. ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്ടിന് ഘടക വിരുദ്ധമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക കണക്കുകൾ മാത്രം ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് പുറത്തിറക്കാനാണ് ശ്രമം.  ഫിന്യാൻഷ്യൽ ഓഡിറ്റിംഗ് മാത്രം മതിയെന്ന് തീരുമാനം. ഓഡിറ്റ് ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. അടിയന്തിരമായി നടപടി പിൻവലിക്കണം. അല്ലെങ്കിൽ പ്രതിപക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.