ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകർന്നു; യാഗശാലയായി അനന്തപുരി

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രവും പരിസരവും ഭക്തി നിറവിൽ. രാവിലെ 10.30ന് ശേഷം പൊങ്കാല അടുപ്പിൽ അഗ്നി പകർന്നത്തോടെ ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇത്തവണത്തെ പൊങ്കാലയ്ക്ക് തുടക്കമായി. പൊങ്കാല കൂടാൻ തലസ്ഥാന നഗരിയിൽ തടിച്ചു കൂടിയത് ആയിരങ്ങളാണ്.

രാവിലെ 10.30ന് ശേഷം മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറുകയും തുടർന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും അഗ്നി പകർന്ന് ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചു. തുടർന്ന് നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ള പൊങ്കാല അടുപ്പുകളിൽ തീ പകർന്നു. പിന്നീട് ആറ്റുകാൽ സാക്ഷ്യം വഹിച്ചത് ആയിരങ്ങൾ അമ്മയ്ക്കുവേണ്ടി മണ്‍പാത്രങ്ങളില്‍ അരി, ശര്‍ക്കര, നെയ്യ്, തേങ്ങ എന്നിവ കൊണ്ടുണ്ടാക്കുന്ന മധുര വിഭവമായ പൊങ്കാല തയാറാക്കുന്നതിനായിരുന്നു.

കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്ത് മാത്രമേ പൊങ്കാല അര്‍പ്പിക്കാവൂ എന്നാണ് വിശ്വാസം. ഇനി കാത്തിരിപ്പാണ് നിവേദ്യം ആറ്റുകാൽ അമ്മക്ക് സമർപ്പിക്കാനുള്ള കാത്തിരിപ്പ്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. ഉച്ചക്ക് 2.30ന് നിവേദ്യം അർപ്പിക്കുന്നത്തോടെ ഇത്തവണത്തെ പൊങ്കാല പൂർത്തിയാകും.

Comments (0)
Add Comment