സ്വർണ്ണക്കടത്തിലുള്‍പ്പെടെ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ച ചെയ്യാതിരിക്കാനുള്ള പാഴ്ശ്രമം ; സിപിഎം-ബിജെപി അന്തർധാരയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, March 29, 2021

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ചയാകാതിരിക്കാനുള്ള സിപിഎമ്മിന്‍റെ പാഴ്ശ്രമങ്ങളാണ് നടക്കുന്നതെന്ന്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി വോട്ടുകച്ചവട ആരോപണം,  കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസ്, ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മറുപടിയേണ്ട പ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി ഓരോ അടവുതന്ത്രം പയറ്റുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് മേല്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. ഇതിന്‍റെ പേരിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ ഈ ദിവസങ്ങളില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്ന് കോടതി രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

വനിതാപോലീസ് ഉദ്യോഗസ്ഥരായ സിജി വിജയനും റെജിമോളും മുഖ്യമന്ത്രിക്ക് സഹായകരമായ മൊഴി നല്‍കിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സിപിഎമ്മിന്‍റെയും ബിജെപിയുടേയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. ഇതിന് പിന്നില്‍ ആരുടെയൊക്കയോ ശക്തമായ പിന്തുണയുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ തന്ത്രമാണിത്. ബിജെപി-സിപിഎം അന്തര്‍ധാരയുടെ ഭാഗമാണ് ഈ അസാധാരണ സംഭവങ്ങളെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.