കരിങ്കൊടി പ്രതിഷേധം: യൂത്ത് കോൺഗ്രസുകാരെ വാഹനമിടിപ്പിച്ചത് കരുതിക്കൂട്ടിത്തന്നെ

Jaihind Webdesk
Thursday, January 3, 2019

ശബരിമല യുവതീപ്രവേശ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ചത് കരുതിക്കൂട്ടിയെന്ന് സൂചന. മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് എത്തിയ പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. രാജീവ്കുമാർ, യൂത്ത് കോൺഗ്രസ് കുന്നുകുഴി മണ്ഡലം സെക്രട്ടറി ബിജു എന്നിവരെയാണ് കരിങ്കൊടി കാണിക്കുമ്പോൾ ഖോർഖി ഭവന് മുന്നിൽവെച്ച് ഇടിച്ചിട്ടത്.

ഇതിനു ശേഷം ഇവരെ ആശുപത്രിയിൽ എത്തിക്കാനായി ബൈക്കിൽ എത്തിയ ഡി.സി.സി ഭാരവാഹികളായ കൃഷ്ണകുമാറിനെയും മുനീറിനെയും ബേക്കറി ജംഗ്ഷന് സമീപം വെച്ച് പൈലറ്റ് വാഹനം വീണ്ടും ഇടിച്ചു തെറിപ്പിച്ചത്. വിഷയത്തിൽ ഇതുവരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായിട്ടില്ല. സാധാരണ അകമ്പടി വാഹനം തട്ടി പരിക്കേൽക്കുന്ന അവസരത്തിൽ വാഹനമോടിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നത് പതിവാണ്. എന്നാൽ ഡി.ജി.പിയുടെ മൂക്കിനു താഴെ നടന്ന സംഭവത്തിൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മന:പൂർവ്വം വാഹനമിടിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്.

തികച്ചു ജനാധിപത്യപരമായി പ്രതിഷേധിക്കാനെത്തിയവരെയാണ് പൊലീസ് ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടുള്ളത്. മുമ്പ് വിവിധ മുഖ്യമന്ത്രിമാർക്കെതിരെ ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉടലെടുത്തിട്ടും പൊലീസ് ഇതുപോലെ പെരുമാറിയിട്ടില്ല. വശങ്ങളിൽ നിന്നും കരിങ്കൊടി കാട്ടാനെത്തിയവരെയാണ് പൈലറ്റ് വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ചതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ജനമൈന്ത്രി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ നടപ്പാക്കിയ കേരള പൊലീസിന്റെ നടപടി അത്യന്തം ഹീനമായിരുന്നുവെന്ന പ്രതികരണമാണ് ഉയരുന്നത്. അകമ്പടി വാഹനം പ്രവർത്തകരെ ഇടിച്ചുവെന്ന് മനസിലായിട്ടും വാഹനം നിർത്തുകയോ മറ്റ് നടപടികളിലേക്ക് നീങ്ങാൻ പൊലീസ് തയാറായതുമില്ല. കരുതിക്കൂട്ടിയുള്ള വധശ്രമത്തിന് ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുക്കണമെന്ന വാദമാണ് വിവിധ കോണുകളിൽ നിന്നുമുയരുന്നത്.

പ്രവര്‍ത്തകരെ വാഹനമിടിപ്പിക്കുന്ന ദൃശ്യം കാണാം: