കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ സംഘത്തിലെ മൂന്ന് പേർ പിടിയില്‍

 

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ക്രോസ്സിലിട്ട് വെട്ടിക്കാല്ലാന്‍ ശ്രമിച്ച മൂന്ന് പ്രതികള്‍ പിടിയില്‍. കൃഷ്ണപുരം സ്വദേശികളായ അമല്‍, ചിന്തു, അനൂപ് ശങ്കര്‍ എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. ഗുണ്ടാ സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.  അരുണ്‍ പ്രസാദ് എന്നയാളെയാണ് ഗുണ്ടാ സംഘം  കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മർദനത്തില്‍ അരുണ്‍ പ്രസാദിന്‍റെ വലത് ചെവിയുടെ ഡയഫ്രം പൊട്ടുകയും കേള്‍വി നഷ്ടമാവുകയും ചെയ്തു.  വെള്ളിയാഴ്ച രാത്രി 11 മണിക്ക് നടന്ന ചില സംഭവങ്ങളാണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിലേക്ക് കലാശിച്ചത്. ഒരു സംഘം പോലീസ് സിവില്‍ ഡ്രസില്‍ കായംകുളത്തെ കടയില്‍ ചായ കുടിക്കാനെത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലര്‍ സിഗരറ്റ് വലിച്ചു. ഇത് പോലീസുകാര്‍ ചോദ്യം ചെയ്തതോടെ പോലീസും യുവാക്കളുമായി സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ ഗുണ്ടാ നേതാവിന്‍റെ ഫോണ്‍ നഷ്ടപ്പെട്ടു. അരുണ്‍ പ്രസാദായിരുന്നു ഫോണ്‍ പോലീസില്‍ ഏല്‍പ്പിച്ചത്. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ മര്‍ദിക്കുന്നത് ഗുണ്ടകള്‍ തന്നെ മൊബൈലില്‍  പകര്‍ത്തിയിരുന്നു. അരുണിന്‍റെ ഐഫോണും ടൈറ്റാൻ വാച്ചും പ്രതികൾ കവർന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Comments (0)
Add Comment