‘ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു; മോദിക്ക് സ്വന്തം ജനതയുടെ കണ്ണീര്‍ കാണാന്‍ സമയമില്ല’ : കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

അസം: ബി.ജെ.പിക്കും മോദിക്കുമെതിരെ ശക്തമായ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്‍റെ ഭരണഘടന മാനിക്കപ്പെടുന്നില്ലെന്നും ചിലര്‍ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിന്‍റെ സ്മരണ പുതുക്കുന്ന ദിനത്തിലായിരുന്നു പ്രിയങ്ക മോദിക്കും ബി.ജെ.പിക്കുമെതിരെ ശക്തമായി രംഗത്തെത്തിയത്. അസമിലെ സില്‍ചറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

“മഹാപുരുഷൻ ബി.ആര്‍ അംബേദ്കറുടെ ജന്മദിനമാണിന്ന്. ഭരണഘടനയിലൂടെ ഈ രാജ്യത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്. ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ നേതാക്കളുടെയും ഉത്തരവാദിത്തമാണ്. എന്നാലിന്ന് ആ ഭരണഘടനയെ ബഹുമാനിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മാത്രമല്ല, അത് തകര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നു” – പ്രിയങ്ക പറഞ്ഞു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികക്കെതിരെയും പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബി.ജെ.പി രാജ്യത്തിന്‍റെ ബഹുസ്വരതയെ ബഹുമാനിക്കുന്നില്ലെന്നും അവരുടെ പ്രകടനപത്രികയില്‍ വ്യത്യസ്തമായ സംസ്കാരങ്ങള്‍ക്കും മതങ്ങള്‍ക്കും സ്ഥാനമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബി.ജെ.പി നേതാക്കള്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ അഞ്ച് മിനിറ്റ് പോലും സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളുടെ അടുത്ത് ചെലവഴിക്കാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും മോദി സമയം കണ്ടെത്തിയില്ല.

“അദ്ദേഹം അമേരിക്കയിൽ പോയി നേതാക്കളെ കെട്ടിപ്പിടിച്ചു. ചൈനയിൽ പോയി കെട്ടിപ്പിടിച്ചു. റഷ്യയിലും ആഫ്രിക്കയിലും പോയി കെട്ടിപ്പിടിച്ചു. ജപ്പാനിൽ പോയി ചെണ്ടകൊട്ടി. പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ സ്വന്തം മണ്ഡലത്തിലെ ഒരു വീട്ടില്‍ പോലും ചെല്ലാനോ അവരുടെ പ്രശ്നങ്ങള്‍ അറിയാനോ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല” – പ്രിയങ്കാ ഗാന്ധി പറഞ്ഞു.

അസമിലെ സില്‍ചര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.പിയുമായ സുഷ്മിത ദേവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

bjpPM Narendra Modipriyanka gandhi
Comments (0)
Add Comment