തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ ആക്രമണം; ചെവിക്ക് വെടിയേറ്റു

 

വാഷിംഗ്ടണ്‍: പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനു നേരെ ആക്രമണം. ട്രംപിന്‍റെ ചെവിക്ക് വെടിയേറ്റു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. ട്രംപിന്‍റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ വീണ ട്രംപിനെ സുരക്ഷാസേന ഉടൻ സ്ഥലത്തു നിന്നു മാറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്. ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേള്‍ക്കുന്നതും തൊട്ടുപിന്നാലെ അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനാണെന്ന് സംഭവത്തിന് പിന്നാലെ യുഎസ് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. ട്രംപ് ആശുപത്രിയില്‍ ചികിത്സ തേടിയതായി വക്താവ് സ്റ്റീവന്‍ ച്യൂങ്ങും പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് റാലിയുടെ സദസിലുണ്ടായിരുന്നയാളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

 

Comments (0)
Add Comment