കുറ്റ്യാടിയില്‍ പൊലീസിനെതിരായ ആക്രമണം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 7 പ്രവർത്തകർ കീഴടങ്ങി

Jaihind News Bureau
Wednesday, February 17, 2021

 

കോഴിക്കോട് : കുറ്റ്യാടിയില്‍ പൊലീസിനെ അക്രമിച്ച സിപിഎം പ്രവർത്തകർ കീഴടങ്ങി. നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകനടക്കം 7 പേരാണ് കീഴടങ്ങിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വാറന്‍റ്  പ്രതിയായ അശോകനെ പിടിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം.

ബിജെപി പ്രവർത്തകനെ അക്രമിച്ച കേസിലെ പ്രതിയായ കുറ്റ്യാടി നെട്ടൂരിൽ അമ്പായത് മീത്തൽ അശോകൻ തുടർച്ചയായി കോടതി നടപടികളിൽ സഹകരിക്കാത്ത സാഹചര്യത്തെ തുടർന്നാണ് വാറന്‍റ്  നടപടികൾക്കായി ഞായറാഴ്ച രാത്രി 11 മണിയോടെ കുറ്റ്യാടി എസ് ഐ അനീഷിന്‍റെ  നേതൃത്വത്തിലുള്ള നാലംഗസംഘം അശോകന്‍റെ വീട്ടിലെത്തിയത്.

അറസ്റ്റിനു തയ്യാറാണെന്ന് അറിയിച്ചശേഷം വീടിനകത്തേക്ക് കയറിയ അശോകൻ പ്രദേശത്തെ സിപിഎം പ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഒരു സംഘം സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസിനെ ക്രൂരമായി മർദ്ദിച്ചു. പൊലീസ് ജീപ്പും തല്ലിത്തകർത്തു. എസ് ഐ അനീഷിനെ കൂടാതെ സിവിൽ പൊലീസ് രജീഷ്, ഹോം ഗാർഡ് സണ്ണി ജോസഫ്, സ്പെഷ്യൽ സിവിൽ പൊലീസ് സബിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അക്രമവുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവർത്തകർ ഇന്ന് കുറ്റ്യാടി പൊലീസിൽ കീഴടങ്ങിയിരിക്കുന്നത്. അശോകനെ കൂടാതെ ഷോജിൽ, സുമേഷ്, ബബിൻ, വിഖിലേഷ്, രാഹുൽ, വിഷ്ണു തുടങ്ങിയവരാണ് കീഴടങ്ങിയത്.