പാർലമെന്‍റ് സുരക്ഷാ വീഴ്ച; ബിജെപി എംപി പ്രതാപ് സിംഹയെ ഇന്ന് ചോദ്യം ചെയ്യും

 

ന്യൂഡല്‍ഹി: സന്ദർശക പാസിലെത്തിയവർപാർലമെന്‍റിനുള്ളില്‍ അതിക്രമിച്ചുകയറി പുകയാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. പ്രതികളെ പാർലമെന്‍റിൽ എത്തിച്ചുള്ള തെളിവെടുപ്പും ഇന്ന് നടക്കും. അതേസമയം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്നതിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. ശീതകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരു സഭകളും കലുഷിതമാകാനാണ് സാധ്യത.

അതേസമയം സന്ദർശകപാസ് നൽകിയ സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്നാണ് മൈസുരുവിൽനിന്നുള്ള ബിജെ.പി എംപി പ്രതാപ് സിംഹയുടെ വാദം. എല്ലാ പാർലമെന്‍റംഗങ്ങളും പാസ് നൽകുന്നതിന് സമാനമായ രീതിയിലാണ് ഇവർക്ക് പാസ് നൽകിയത്. അതിക്രമിച്ചു കയറിയവരെ അറിയില്ലെന്നും എല്ലാ സന്ദർശകരെയും എംപിമാർ നേരിട്ട് അറിയണമെന്നില്ലെന്നും സിംഹ വിശദീകരിച്ചു.

പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തിലായിരുന്നു അക്രമികളുടെ കടന്നുകയറ്റം. പാർലമെന്‍റിനുള്ളിലേക്ക് കടന്നെത്തിയവർ മഞ്ഞപ്പുക പരത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പാർലമെന്‍റ് മന്ദിരത്തിന് പുറത്തുനിന്നും ഇവരുടെ കൂട്ടാളികളെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 6 പേരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി എംപി ഉള്‍പ്പെട്ടതിനാല്‍ ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയൊളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Comments (0)
Add Comment