സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം ; യുവതിയുടെ ഗർഭം അലസിയതായി പരാതി ; നടപടിയെടുക്കാതെ പൊലീസ്

Jaihind News Bureau
Thursday, December 10, 2020

 

തിരുവനന്തപുരം : വിഴിഞ്ഞത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ യുവതിയുടെ ഗർഭം അലസിയതായി പരാതി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് ആരിഫ് ഖാന്‍റെ ഭാര്യയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.  വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍  തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി നടത്തിയ ആക്രമണത്തിലാണ് യുവതിക്ക് പരിക്കേറ്റത്. വിഴിഞ്ഞത്തെ സിപിഎം ബൂത്ത് ഓഫീസ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായാണ് സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട് കയറി ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സിപിഎം സംഘം തന്നെ മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ  പരാതി. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ വിഴിഞ്ഞം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവം ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗര്‍ഭം അലസിപ്പോവുകയായിരുന്നു.