ജെ.എന്‍.യു അക്രമം ഫാസിസത്തിന്‍റെ ഭീകരത വിളിച്ചറിയിക്കുന്നത് : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, January 6, 2020

Ramesh-Chennithala

രാജ്യത്തെ ബാധിച്ചിരിക്കുന്ന ഫാസിസത്തിന്‍റെ ഭീകരത വിളിച്ചറിയിക്കുന്നതാണ് ഡല്‍ഹി ജെ.എന്‍.യു വിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ സംഘപരിവാര്‍ നടത്തിയ മാരകമായ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാവില്ലെന്നു ബിജെപി മനസിലാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെയും കുറ്റകരമായ മൗനം അക്രമങ്ങള്‍ക്ക് വളംവച്ചു കൊടുക്കുകയാണ്. അമിത് ഷായുടെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ രണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചതാണ് ഈ ആക്രമങ്ങള്‍ക്ക് പിന്നിലെ പ്രകോപനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ധരാത്രി ജെഎന്‍യു കാമ്പസില്‍ കയറിയ മുഖം മൂടിയണിഞ്ഞ ക്രിമനലുകള്‍ പെണ്‍കുട്ടികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിക്കുയായിരുന്നു. പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന തരത്തില്‍ നിശബ്ദമായിരുന്നു.

രാജ്യ തലസ്ഥാനത്ത്, ഏറ്റവും പ്രമുഖമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അര്‍ധരാത്രിയില്‍ ഇത്തരത്തില്‍ ക്രൂരമായ ആക്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങിയ സര്‍വ്വകലാശാലയോട് ബി ജെ പിയുടെ മനോഭാവം എന്തെന്ന് ഇതില്‍ നിന്ന് വ്യക്തമാവുകയാണ്. അമിത്ഷാക്കെതിരെ പ്രതിഷേധിച്ചാല്‍ തല തല്ലിപ്പൊളിക്കുമെന്ന് വന്നാല്‍ അത് ഏകാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഇതിനെതിരെ രാജ്യം മുഴുവന്‍ ഉണര്‍ന്നെണീറ്റ് പ്രതിഷേധിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.