കൊട്ടിക്കലാശത്തിനിടെ സിപിഎം അക്രമം; കൊച്ചുവേളിയില്‍ എ.കെ. ആന്‍റണിയ്ക്ക് നേരെ കയ്യേറ്റ ശ്രമം

Jaihind Webdesk
Sunday, April 21, 2019

A.K-Antony

കൊട്ടിക്കലാശത്തിനിടെ സിപിഎം അക്രമം. കൊച്ചുവേളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി നടത്തിയ റോഡ്ഷോയിലേയ്ക്ക് ഇരച്ചുകയറാന്‍ സിപിഎം ശ്രമം. എ.കെ ആന്‍റണിയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.

നേതാക്കളുടെ അവസ്ഥ ഇതാണെങ്കില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന് ചോദിച്ച എ.കെ.ആന്‍റണി ഇത്തരം സംഭവം സംസ്ഥാനത്ത് ആദ്യമാണെന്ന് മാത്രമല്ല തന്‍റെ ജീവിതത്തില്‍ തന്നെ  ഏറ്റവും വലിയ ദുരനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.  മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും അക്രമത്തിന്‍റെ കാര്യത്തില്‍ ഒരേതൂവല്‍ പക്ഷികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡ്ഷോ തടഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്നത് ഗുണ്ടായിസമാണെന്നും എ.കെ.ആന്‍റണി പറഞ്ഞു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും സംസ്ഥാനത്ത് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരും വി.എസ്. ശിവകുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അരമണിക്കൂറിന് ശേഷമാണ് റോഡ്ഷോ പുനരാരംഭിക്കാനായത്. അക്രമത്തിന് പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നുവെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

കഴക്കൂട്ടത്ത് കുമ്മനം രാജശേഖരന്‍റെ വാഹനത്തിന് നേരെയും എല്‍ഡിഎഫ് അക്രമം ഉണ്ടായി. അദ്ദേഹത്തിന് നേരെ ചെരുപ്പേറും നടത്തി.