ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചോദ്യങ്ങള്‍ക്ക് അനുമതി നിഷേധിക്കാനുണ്ടായ കാരണം സ്പീക്കര്‍ വിശദീകരിക്കണമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, March 8, 2022

 

ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതപരവും ജാതീയപരവുമായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി.

മതപരമായ അതിക്രമങ്ങളുടെ എണ്ണവും അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ട് ന്യൂനപക്ഷകാര്യ മന്ത്രിയുടെ മറുപടിക്കായി നല്‍കിയ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനുള്ള നോട്ടീസാണ് 2022 ലെ ബജറ്റ് സെഷനില്‍ ഉള്‍പ്പെടുത്താന്‍ സ്പീക്കര്‍ അനുവദിക്കാഞ്ഞത്. നോട്ടീസിന് അനുമതി നിഷേധിച്ചതിന്‍റെ കാരണം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി ലോക്‌സഭാ സ്പീക്കറോട് വിശദീകരണം തേടി.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച 2020 ലെ ക്രൈം ഇന്‍ ഇന്ത്യ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വര്‍ഗീയ കലാപ കേസുകള്‍ 96 ശതമാനവും ജാതി കലാപങ്ങള്‍ 50 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പട്ടികജാതിക്കാര്‍ക്കെതിരായി 9.4 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്കെതിരായി 9.3 ശതമാനവും അതിക്രമം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായും കെ സുധാകരന്‍ എം.പി ചൂണ്ടിക്കാട്ടി.