കോയമ്പത്തൂർ : തമിഴ്നാട്ടിലെ അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയുമായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. 25 ലേറെ പേർക്ക് പരിക്ക്. ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ പൊട്ടിയ കണ്ടെയ്നർ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ വലതുഭാഗം പൂർണമായി തകർന്നു.
ബംഗളുരുവിൽ നിന്ന് ഇന്നലെ രാത്രി 8 മണിക്ക് തിരിച്ച കെ.എസ്.ആർ.ടി.സിയുടെ ആർ.എസ് 784 നമ്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തേണ്ടതായിരുന്നു. മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. മരിച്ചവരിൽ തൃശൂർ സ്വദേശികളായ വിനോദ് (45), ക്രിസ്റ്റോ ചിറക്കേക്കാരൻ (25), നിബിൻ ബേബി, റഹീം എന്നിവരെയും പാലക്കാട് സ്വദേശി സോന സണ്ണിയെയും തിരിച്ചറിഞ്ഞു. ബസ് ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചതായാണ് വിവരം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. 48 പേരാണ് ബസിലുണ്ടായിരുന്നത്.
പുലർച്ചെ 3.15നാണ് അപകടം ഉണ്ടായത്. ബസിന്‍റെ വലതുഭാഗത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഏറെയും. എതിര്‍ദിശയില്‍ വന്ന ലോറി കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടർ നടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തി. എറണാകുളം റജിസ്ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ ഇടിച്ചുകയറുകയായിരുന്നു. ടൈലുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്.
തിങ്കളാഴ്ചയാണ് ബസ് എറണാകുളത്ത് നിന്ന് ബംഗളുരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെ.എസ്.ആർ.ടി.സി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.