അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. എഎഎപി എംഎല്‍എമാരുടെ യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം ഉണ്ടായത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന. നേരത്തെ സുഷമ സ്വരാജും ക്ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു.

നിലവിലെ ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസ പരിഷ്‌കരണത്തിനായുള്ള ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് അതിഷി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷനിരയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അതിഷി ആവര്‍ത്തിച്ച് ആരോപണം ഉന്നയിച്ചിരുന്നു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം വൈകീട്ടോടെ കെജ്രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

Comments (0)
Add Comment