ഇന്ന് അത്തം ; മഹാമാരിക്കിടെ മലയാളികളുടെ ഓണക്കാലത്തിന് തുടക്കം

Jaihind Webdesk
Thursday, August 12, 2021

തിരുവനന്തപുരം : ഇന്ന് അത്തം. മഹാമാരിക്കിടയില്‍ മലയാളികളുടെ ഓണക്കാലത്തിന് തുടക്കം. ഓണക്കാലത്തിന്റെ വരവറിയിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കര തിരുവോണ ഉത്സവക്കൊടിയേറ്റും ഇന്നാണ്. കൊവിഡ് പശ്ചാത്തലത്തില്‍ അത്തച്ചമയ ഘോഷയാത്ര ഇത്തവണയും ഉണ്ടാകില്ല.

കെട്ടടങ്ങാത്ത മഹാമാരിയുടെ പ്രതിസന്ധിയിലാണ് മലയാളികള്‍ക്ക് ഒരു ഓണക്കാലം കൂടിയെത്തുന്നത്. ഓണക്കാലത്തിനുള്ള വരവറിയിച്ച് ഇത്തവണയും അത്തമെത്തുമ്പോള്‍ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടാകില്ല.  അത്തച്ചമയ ഘോഷയാത്ര ഇത്തവണയും ഉണ്ടാകില്ല. ആചാരത്തിന്റെ ഭാഗമായുള്ള പതാക ഉയര്‍ത്തല്‍ ഇന്ന് 10നു തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി.രാജീവ് നിര്‍വഹിക്കും. കെ.ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. ഓണത്തിന്റെ ഐതിഹ്യത്തോടു ചേര്‍ന്നു കിടക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവക്കൊടിയേറ്റ് ഇന്നു രാത്രി 8നു തന്ത്രി പുലിയന്നൂര്‍ നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും.

അത്തം തുടങ്ങി 10ാം നാള്‍ തിരുവോണത്തെയും ഓണത്തപ്പനെയും മലയാളികള്‍ വരവേല്‍ക്കുമ്പോള്‍ ലോകംമുഴുവന്‍ കെട്ടടങ്ങാതെ തുടരുന്ന കൊവിഡ് രോഗപ്രതിസന്ധിയുടെ തോതു കുറയ്ക്കുന്ന ഒന്നാകട്ടെ എന്നാതാണു ഒരോ മലയാളിയുടെയും പ്രാര്‍ത്ഥന. രോഗവ്യാപനം കുറഞ്ഞു സമാധാനത്തിന്റെയും ആരോഗ്യത്തിന്റെയും പൊന്‍ പ്രതീക്ഷകള്‍കൂടിയാണ് മലയാളികള്‍ക്ക് ഇത്തവണത്തെ ഓണം.