മുംബൈയില്‍ ശക്തിപ്രകടനം നടത്തി മഹാ സഖ്യം ; ബി.ജെ.പിക്കെതിരെ പ്രതിജ്ഞയെടുത്ത് എം.എല്‍.എമാർ

ബി.ജെ.പിക്ക് താക്കീതായി മുംബൈയില്‍ മഹാ സഖ്യത്തിന്‍റെ ശക്തി പ്രകടനം. മഹാരാഷ്ട്രയില്‍ ഒന്നിച്ചുനില്‍ക്കുമെന്നും ബി.ജെ.പിക്ക് ഗുണമാകുന്നതൊന്നും ചെയ്യില്ലെന്നും സഖ്യത്തിലെ എം.എല്‍.എ മാര്‍ പ്രതിജ്ഞ ചെയ്തു. മുംബൈ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെ അണിനിരത്തിയായിരുന്നു മഹാ വികാസ് അഘാഡി സഖ്യത്തിന്‍റെ ശക്തിപ്രകടനം. നാളെ രാവിലെ 10.30 ന് മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ രൂപീകരണത്തിനെതിരെ ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് എം.എൽ.എമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനം.

വൈകിട്ട് ഏഴ് മണിയോടെയാണ് എം.എൽ.എമാരുമായി ബസുകൾ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിലെത്തിയത്. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി 162 പേർ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും മകളും എം.പിയുമായ സുപ്രിയ സുലെയും രോഹിത് പവാറുമാണ് ആദ്യം ഹോട്ടലിലെത്തിയത്. പിന്നീട് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും. പിന്നീട് കോൺഗ്രസ് നേതാക്കൾ ഓരോരുത്തരായെത്തി. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ചൊല്ലിക്കൊടുത്ത ‘ഐക്യത്തിന്‍റെ സത്യപ്രതിജ്ഞ’ എം.എൽ.എമാർ ഏറ്റുചൊല്ലി.

”ഒരു വാഗ്‍ദാനത്തിലും ഞാൻ വീണ് പോകില്ല. ബിജെപിയെ ഒരു തരത്തിലും ഞാൻ സഹായിക്കില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒരിക്കലും ഭാഗഭാക്കാകില്ല”, എന്നായിരുന്നു പ്രതിജ്ഞ.

സഖ്യമുറപ്പിക്കാനാണ് ശരദ് പവാറിന്‍റെയും ഉദ്ധവ് താക്കറെയുടെയും അശോക് ചവാന്‍റെയും നേതൃത്വത്തില്‍ സഖ്യ എം.എല്‍.എമാര്‍ പ്രതിജ്ഞ ചെയ്തത്. സഖ്യം തകർക്കാനാകില്ലെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകുന്നതായി മഹാരാഷ്ട്ര വികാസ് അഘാഡിയെന്ന സഖ്യത്തിന്‍റെ ശക്തിപ്രകടനം. അജിത് പവാറും മറ്റ് രണ്ട് എം.എൽ.എമാരും യോഗത്തിനെത്തിയില്ല.

Maha-Aghadi
Comments (0)
Add Comment