ലാഹോറില്‍ സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Wednesday, May 8, 2019

പാകിസ്ഥാനിൽ സൂഫി മന്ദിരത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ 5 പൊലീസുകാര്‍ ഉള്‍പ്പെടെ 9 പേർ കൊല്ലപ്പെട്ടു. 26 പേർക്കു പരുക്കേറ്റു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നായ 11-ആം നൂറ്റാണ്ടിൽ നിർമിച്ച ദത്ത ദർബാർ സൂഫി മന്ദിരത്തിന് സമീപമാണ് സ്ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാവിലെ 8.45ഓടെയായിരുന്നു അപകടം.

7 കിലോഗ്രാം സ്ഫോടകവസ്തുവാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. 100 ശതമാനവും പൊലീസുകാരെ ഉന്നംവച്ചുള്ള ആക്രമണമായിരുന്നുവെന്നാണ് നിഗമനം.

സ്ത്രീ സന്ദർശകർ പ്രവേശിക്കുന്ന വാതിലിനു സമീപമാണ് സ്ഫോടനം. ചാവേർ സ്ഫോടനമായിരിക്കാം എന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ചു അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

2010ൽ ഇതേ സ്ഥലത്തുണ്ടായ ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു.