ഇന്ത്യ- ചൈന അതിർത്തി സംഘർഷം; 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം

Jaihind News Bureau
Tuesday, June 16, 2020

ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ കൂടുതൽ സൈനികർക്ക് വീരമൃത്യു. 20 സൈനികർ വീരമൃത്യു വരിച്ചതായി സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം.

കൂടുതൽ സൈനികർക്ക് വീരമൃത്യു സംശയിക്കുന്നതായും മരണസംഖ്യ ഉയർന്നേക്കാമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 100ൽ അധികം സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇത്ര വലിയ അക്രമം ഉണ്ടായിട്ടും വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പോലും ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇക്കാര്യം കരസേന ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തിരുന്നു. വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎൻ കുമാർ ഓഝ എന്നിവരാണ് വീരമൃത്യു വരിച്ചത്.

സൈനികതല ചർച്ചകളും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ചർച്ചകളും പുരോഗമിക്കവെയാണ് പുതിയ വിവരം പുറത്തുവരുന്നത്.