ഡോളർ കടത്ത് : സ്പീക്കറുടെ അസിസ്റ്റൻ്റ് സെക്രട്ടറി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാവില്ല; നോട്ടീസ് ലഭിച്ചില്ലെന്ന് വിശദീകരണം

Jaihind News Bureau
Tuesday, January 5, 2021

ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റൻ്റ് സെക്രട്ടറി കെ.അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചില്ലെന്ന് വിശദീകരണം. കസ്റ്റംസ് വിളിച്ചത് ഫോണില്‍ മാത്രമെന്നും അയ്യപ്പന്‍ പറഞ്ഞു.

ഇന്ന് രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് അസിസ്റ്റൻ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.

അതേസമയം, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അസിസ്റ്റൻ്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ് ഹരികൃഷ്ണൻ കസ്റ്റംസ് ഓഫീസിൽ ഹാജരായി. സ്പീക്കർ അടക്കമുള്ളവരുടെ വിദേശയാത്ര അടക്കമുള്ള കാര്യത്തിൽ കസ്റ്റംസ് ഹരികൃഷ്ണനിൽ മൊഴി രേഖപ്പെടുത്തും, കുടാതെ നയതന്ത്ര ബാഗേജ് വിഷയത്തിലും മൊഴി രേഖപ്പെടുത്തും.