തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം ഇന്ന് ചേരും. രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം. ബൂത്ത് തലം മുതൽ വിവിധ തലങ്ങളിൽ നിന്നും ലഭ്യമായ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കണക്കുകളും വിലയിരുത്തലുകളും കെപിസിസി നേതൃയോഗം വിശകലനം ചെയ്യും.
ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാനാണ് കെപിസിസി നേതൃയോഗം ഇന്ന് ചേരുന്നത്. ബൂത്ത് തലം മുതൽ വിവിധ തലങ്ങളിൽ നിന്നും ലഭ്യമായ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കണക്കുകളും വിലയിരുത്തലുകളും കെപിസിസി നേതൃയോഗം വിശദമായി വിശകലനം ചെയ്യും. ഓരോ മണ്ഡലത്തിന്റെയും ചുമതല വഹിച്ചിരുന്ന കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും നല്കിയ വിശദമായ റിപ്പോർട്ടുകൾ യോഗത്തില്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുവാൻ കഴിഞ്ഞു എന്ന വിലയിരുത്തലാണ് പൊതുവേ ലഭ്യമായിട്ടുള്ളത്. സിപിഎം ബിജെപി ബാന്ധവം പോളിംഗ് ശതമാനത്തിലെ കുറവ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തും.
കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ. സുധാകരന്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ ഉൾപ്പെടെ ലോക്സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവർ പങ്കെടുക്കും.