നിയമസഭാ കയ്യാങ്കളി കേസ്: ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ വിടുതല്‍ ഹർജികള്‍ തള്ളി; 22ന് നേരിട്ട് ഹാജരാകണം

Jaihind Webdesk
Wednesday, October 13, 2021

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളുടെയും വിടുതൽ ഹർജികൾ കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി. നവംബർ 22 ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

മന്ത്രി വി ശിവൻകുട്ടിക്ക് പുറമെ കെടി ജലീൽ എംഎൽഎ, ഇപി ജയരാജൻ, സികെ സദാശിവൻ, കെ കുഞ്ഞഹമ്മദ്, കെ അജിത് എന്നീ ആറ് പ്രതികളുടെ വിടുതൽ ഹർജികളാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്. ഹർജിയെ എതിർത്തുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി യുടെ നടപടി. നവംബർ 22 ന് ആറ് പ്രതികളും നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. അന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. 22ന് പ്രതികള്‍ നേരിട്ട ഹാജരായി കുറ്റപത്രം വായിച്ചു കേട്ടാൽ വിചാരണ നടപടികളിലേക്ക് കോടതി കടക്കും.

സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇടതുനേതാക്കാള്‍ പ്രതികരിച്ചിട്ടില്ല.
യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധ പരിപാടികളാണ് നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി കലാശിച്ചത്. മന്ത്രിയായി തുടരാൻ വി ശിവൻകുട്ടിക്ക് യോഗ്യതയില്ല എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുമ്പോൾ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾ കടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.