നിയമസഭ കയ്യാങ്കളി കേസ് ; രമേശ് ചെന്നിത്തല സമർപ്പിച്ച തടസ ഹർജിയില്‍ വിധി ഇന്ന്

Jaihind Webdesk
Thursday, September 9, 2021

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളെ എതിർത്ത്  രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചത്.

സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്‍റെയും ഹർജിയിൽ വാദം പൂർത്തിയായിരുന്നു. ഇന്ന് കേസ് പരിഗണിയ്ക്കുമ്പോൾ ഇതിൽ വിധി പറയും.

മന്ത്രി വി ശിവൻകുട്ടി, എംഎൽഎയായ കെടി ജലീൽ, മുൻ മന്ത്രി ഇപി ജയരാജൻ, സികെ സദാശിവൻ, കെ കുഞ്ഞഹമ്മദ് മാസ്‌റ്റ‌ർ,​ കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ചിൽ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേരയടക്കം മറിച്ചിട്ടുവെന്നാണ് കേസ്.