നിയമസഭാ തിരഞ്ഞെടുപ്പ്: ജമ്മു-കശ്മീരിലെ ജനങ്ങളുടെ ശബ്ദം രാജ്യത്ത് ഉയരണം; സംസ്ഥാന പദവി പ്രധാന വിഷയം: ഖാർഗെയും രാഹുലും ശ്രീനഗറില്‍

 

ശ്രീനഗർ: ജമ്മു-കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കോൺഗ്രസ്. ജമ്മു-കശ്മീരിലെ ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വേട്ടയാടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവിലെ ജനങ്ങളുടെ ശബ്ദം രാജ്യത്ത് ഉയർന്നു കേൾക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മുവിന്‍റെ സംസ്ഥാന പദവി കോൺഗ്രസിന്‍റെ പ്രധാന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനും തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ഊർജസ്വലമാക്കാനുമായാണ് മല്ലികാർജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും കശ്മീരിലെത്തിയത്. 2014-ലാണ് ജമ്മു-കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുമായുള്ള സഖ്യത്തിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്യും. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട ശേഷം കൂടുതൽ വിശാലമായ തിരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും.

ഓഗസ്റ്റ് 16-നാണ് ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്നു ഘട്ടങ്ങളായാണ് ജമ്മു-കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു-കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാണ് തിരഞ്ഞെടുപ്പ്.

Comments (0)
Add Comment