വടകരയിൽ കെ.കെ രമ ആർഎംപി സ്ഥാനാർഥി ; യുഡിഎഫ് പിന്തുണയ്ക്കും

Jaihind News Bureau
Tuesday, March 16, 2021

 

കോഴിക്കോട് : വടകരയിൽ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ ആർഎംപി സ്ഥാനാർഥിയാകും. യുഡിഎഫ് പിന്തുണയക്കും.  സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ ടി പിയുടെ ഭാര്യ മുന്നോട്ട് വരുമ്പോൾ അവരെ പിന്തുണയ്‌ക്കേണ്ടത് കോൺഗ്രസിന്‍റേയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കെ.കെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ് അവർ.  നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാർട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടി.പി ചന്ദ്രശേഖരൻ ആർ എം പി എന്ന പാർട്ടി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത്. ഭരണഘടന നൽകിയ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് സിപിഎം എന്ന കൊലയാളി പാർട്ടി ചെയ്തത്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ ടി പിയുടെ ഭാര്യ മുന്നോട്ട് വരുമ്പോൾ അവരെ പിന്തുണയ്‌ക്കേണ്ടത് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണ്.
വടകരയിൽ ഇടതു മുന്നണിയെ നേരിടുന്ന പ്രിയപ്പെട്ട കെ.കെ രമയ്ക്ക് യു ഡി എഫിന്റെയും എന്റെയും പിന്തുണ വാഗ്ദാനം ചെയ്യുന്നു-പ്രതിപക്ഷ നേതാവ് പറഞ്ഞു.