നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു; ജമ്മു കശ്മീരില്‍ മൂന്നു ഘട്ടം, ഹരിയാനയില്‍ ഒറ്റ ഘട്ടം, വോട്ടെണ്ണൽ ഒക്ടോബർ 4ന്

 

ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ മൂന്നു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും റണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയില്ല. രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ വയനാടിലേക്കുള്ള ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളും ഇന്നു പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഉണ്ടായില്ല.

പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ മെഹബൂബ മുഫ്തിയുടെ പിഡിപി ബിജെപിയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍, 2018ല്‍ ബിജെപി മെഹബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതിനു പിന്നാലെ 2019ലായിരുന്നു കശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ് മോദി സര്‍ക്കാരിന്‍റെ അപ്രതീക്ഷിത നീക്കം. ജമ്മു കശ്മീരും ലഡാക്കും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു.

ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടർമാരിൽ 3.71 ലക്ഷം പുതുമുഖ വോട്ടർമാരാണ്. 169 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക. ഹരിയാനയിൽ 90 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. 20,629 പോളിംഗ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. പക്ഷപാതപരമായി പെരുമാറരുതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കും. കശ്മീരിലെ എല്ലാ സ്ഥാനാർത്ഥികൾക്കും സുരക്ഷ നൽകും.

ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നു മുറവിളികള്‍ ഉയര്‍ന്നിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. ഒടുവില്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 30നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടുകയായിരുന്നു.

 

Comments (0)
Add Comment