എറണാകുളം: വൈപ്പിന്‍ ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാകമ്മീഷന്‍. സംഭവത്തില്‍ റൂറല്‍ എസ്പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി ചികിത്സയില്‍ കഴിയുന്ന എറണാകുളം ലിസി ആശുപത്രിയിലെത്തി സഹോദരിയോടും ആശുപത്രി അധികൃതരോടും വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.
തിങ്കളാഴ്ച വൈകീട്ട് ഓട്ടം വിളിച്ച മൂന്ന് പേര്‍ ചേര്‍ന്ന് വനിതാ ഓട്ടോ ഡ്രൈവറായ ജയയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷന്‍ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യപ്രതി സജീഷിന്‍റെ ഭാര്യയാണ് കസ്റ്റഡിയിലുള്ള ഒരാള്‍.
അതേസമയം രാത്രി സമയത്തും സ്ത്രീകള്‍ക്ക് ജോലിയെടുക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടാകണമെന്നും ഇത്തരം സ്ഥലങ്ങളില്‍ പോലീസ് സജീവമായി നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും പി. സതീദേവി പറഞ്ഞു. യുവതിക്ക് നിലവില്‍ മികച്ച ചികിത്സയാണ് ലഭിക്കുന്നത്. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റതായാണ് ഡോക്ടര്‍ പറഞ്ഞത്. ആന്തരിക രക്തസ്രാവവും ഉണ്ട്. വ്യക്തി വിരോധത്തിന്‍റെ പേരില്‍ ഗുണ്ടാസംഘങ്ങളെ നിയോഗിച്ച് ആസൂത്രിതമായി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണിത്. കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിക്കുന്ന ഒരു സ്ത്രീക്കാണ് ഈ അവസ്ഥയുണ്ടായത്. സ്ത്രീകള്‍ക്കെതിരെ ഇത്തരം അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ നിലപാടെന്നും അവര്‍ പറഞ്ഞു.