‘ചോദിച്ചത് സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് മാത്രം, ചെരുപ്പിടാന്‍ പോലും സമ്മതിച്ചില്ല, ബലപ്രയോഗത്തില്‍ പരിക്ക് പറ്റി’; വിജിലന്‍സിനെതിരെ സരിത്

Jaihind Webdesk
Wednesday, June 8, 2022

വിജിലന്‍സ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്. നോട്ടീസ് നല്‍കാതെയാണ് കൊണ്ടുപോയത്. ലൈഫ് മിഷനെക്കുറിച്ച് ഒന്നും ചോദിച്ചില്ലെന്നും സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് വിജിലന്‍സ് ചോദിച്ചതെന്നും സരിത് പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ ഈ മാസം 16 ന് ഹാജരാകണമെന്ന് കാട്ടി സരിത്തിന് നോട്ടീസ് നല്‍കി.

തന്നെ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. ആരെന്ന് വെളിപ്പെടുത്തിയില്ല. ബലപ്രയോഗത്തില്‍ കൈക്ക് പരിക്ക് പറ്റിയെന്നും സരിത് പറയുന്നു. ലൈഫ് മിഷന്‍ കേസിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. ചോദിച്ചത് സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് മാത്രമാണ്’ – സരിത് പറഞ്ഞു.

പാലക്കാട് വിജിലൻസ് യൂണിറ്റാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം സരിത്തിനെതിരായ നടപടി വൃത്തികെട്ട കളിയാണെന്ന് സ്വപ്ന സുരേഷ് രോഷത്തോടെ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പാലക്കാട് സ്വപ്ന മാധ്യമങ്ങളെ കണ്ടിരുന്നു. സ്വപ്ന ജോലി ചെയ്യുന്ന പാലക്കാട്ടെ എച്ച്ആർഡിഎസ് എന്ന സ്ഥാപനത്തിൽ തന്നെയാണ് സരിത്തും പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസത്തിനായി നൽകിയിരിക്കുന്ന ബിൽ ടെക് അവന്യൂ എന്ന ഫ്ലാറ്റിൽ നിന്നാണ് സരിത്തിനെ ഒരു സംഘം കൂട്ടിക്കൊണ്ട് പോയത്. സ്വപ്നാ സുരേഷ് തന്നെയാണ് ഇകാര്യം വെളിപ്പെടുത്തിയത്. പിന്നീട് വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തമായതോടെ
സ്വപ്ന സുരേഷ് രോഷത്തോടെ പ്രതികരിച്ചു. ലൈഫ് മിഷൻ കേസിലെ പ്രധാന പ്രതികളിലൊരാളായ എം ശിവശങ്കറിനെ ഇങ്ങനെ വിജിലൻസ് തട്ടിക്കൊണ്ട് പോകുമോ എന്ന് അവർ രോഷത്തോടെ ചോദിച്ചു. ഇതൊരു വൃത്തികെട്ട കളിയാണെന്നും സ്വപ്ന ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് സ്വപ്നാ സുരേഷ് വാർത്താ സമ്മേളനം നടത്തി 15 മിനിറ്റുകൾക്കകമാണ് സരിത്ത് വിജിലൻസ് കസ്റ്റഡിയിലായത്. ലോക്കൽ പോലീസ് പോലും സംഭവം അറിഞ്ഞില്ല. തട്ടിക്കൊണ്ടുപോകൽ ആരോപണത്തെ തുടർന്ന് ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അവർ അന്വേഷണവും തുടങ്ങിയിരുന്നു.