ആവശ്യപ്പെട്ടത് ഗോത്രവർഗ സർവകലാശാല, അനുവദിച്ചത് മ്യൂസിയം : ഇത് ഭാരതീയ ബിസിനസ്മെന്‍ പാർട്ടിയെന്ന് ഹേമന്ത് സോറന്‍

റാഞ്ചി : ഗോത്രവർഗ സര്‍വകലാശാല ആവശ്യപ്പെട്ട സംസ്ഥാനത്തിന് മ്യൂസിയം അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് നിരാശാജനകമാണെന്നും സംസ്ഥാനം ആവശ്യപ്പെട്ടത് ഒന്നും ബജറ്റില്‍ പരിഗണിച്ചില്ലെന്നും  ഹേമന്ത് സോറന്‍ പറഞ്ഞു. ഗോത്രവർഗവിഭാഗത്തിനായി സർവകലാശാല ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് മ്യൂസിയം ആണ്. ആദിവാസി വിഭാഗത്തെ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു.

‘ഗോത്രവർഗവിഭാഗങ്ങള്‍ക്കായി ഒരു സർവകലാശാലയാണ് പ്രധാനമന്ത്രിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബജറ്റില്‍ അനുവദിച്ചതാകട്ടെ ഗോത്രവർഗ മ്യൂസിയവും. ഇനി ആദിവാസികളെ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാമെന്ന് തോന്നുന്നു’ – ഹേമന്ത് സോറന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാരതീയ ബിസിനസ്മെന്‍ പാർട്ടിയുടെ ബജറ്റാണ് കാണാന്‍ കഴിഞ്ഞതെന്നും സോറന്‍ പരിഹസിച്ചു. ബി.ജെ.പി സർക്കാർ എല്ലാം വിറ്റഴിക്കുകയാണ് ചെയ്യുന്നത്. റെയില്‍വേയും ബി.എസ്.എന്‍.എല്ലും, എയർ ഇന്ത്യയും ഏറെക്കുറെ വിറ്റഴിച്ച് കഴിഞ്ഞു. അടുത്തതായി രാജ്യം എങ്ങനെ വില്‍ക്കാം എന്നതിനെക്കുറിച്ചാണ് മോദി സർക്കാര്‍ ആലോചിക്കുന്നതെന്നും ഹേമന്ത് സോറന്‍ കുറ്റപ്പെടുത്തി.

Union Budget 2020Hemant Soren
Comments (0)
Add Comment