ഓർമ്മകൾ നശിച്ച് കോമയിലായ അച്ഛനെ ഒന്നുണർത്താനുള്ള ശ്രമത്തിലാണവൾ… പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും ഫുള്‍ എപ്ലസ് നേടാനുള്ള പരിശ്രമത്തിലും

Jaihind Webdesk
Thursday, May 9, 2019

അബോധാവസ്ഥയിൽ കഴിയുന്ന അച്ഛന്‍റെ ഓർമ്മ തിരികെ കൊണ്ടുവരാൻ ഉറങ്ങാതെ പഠനത്തിൽ മുഴുകി പത്താം തരത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരിക്കുകയാണ് ആര്യ രാജ്. വാഹാനാപകടത്തിൽ ഓർമ്മകൾ നശിച്ച് കോമയിലായ അച്ഛനെ ഒന്നുണർത്താനുള്ള ശ്രമത്തിലാണവൾ. കോഴിക്കോട് മലാപറമ്പിലെ ആര്യാ രാജാണ് മികച്ച വിജയത്തിലും സന്തോഷമില്ലാതെ കണ്ണീരുമായി കഴിയുന്നത്.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടും മലാപ്പറമ്പിലെ ആര്യ രാജിന് ആഹ്ലാദിക്കാനാകുന്നില്ല. തന്‍റെ ഉന്നത വിജയം അച്ഛനെ പല തവണ അവൾ വിളിച്ച് അറിയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അതൊന്നും അച്ഛൻ കേൾക്കാത്തതിന്‍റെ വിഷമത്തിലാണ് ആര്യ. ഡിസംബർ 25 ന് കോട്ടയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ആര്യയുടെ അച്ഛൻ രാജന് ഓട്ടോറിക്ഷ ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റത്. ഒന്നര മാസത്തോളം കോട്ടയത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബ്ലീഡിംഗ് കൂടിയതിനാൽ, തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. ഓർമകൾ തിരിച്ചുകിട്ടിയാൽ മാത്രമെ ഇനി തുടർ ചികിത്സകൾ നടത്താനാകൂ. ലക്ഷങ്ങൾ ഇതിനകം ചെലവായി. വാടക വീട്ടിൽ കഴിയുന്ന ഭാര്യക്കും മകൾക്കും ഏക ആശ്രയമായിരുന്നു ഗ്യാസ് പൈപ്പ് ലൈൻ ജീവനക്കാരനായ രാജൻ. അച്ഛന് പരിക്കേറ്റതിന് ശേഷം ഒന്നര മാസത്തോളം ആര്യക്ക് സ്കൂളിൽ പോകാനായില്ല. പിന്നീട് ഡോക്റ്റർമാരുടെ നിർദേശപ്രകാരം അച്ഛന്‍റെ അടുത്തിരുന്ന് ഉറക്കെ വായിച്ചു പഠിച്ചു.

രാജന്‍റെ ഓർമയെ ഉണർത്താൻ മകളുടെ ശബ്ദത്തിന് സാധിക്കുമെന്ന് ഡോക്റ്റർമാരും അമ്മ സബിതയും വിശ്വസിക്കുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിവരം ആര്യ ഉറക്കെ പല തവണ വിളിച്ചു പറയുന്നത് അയൽപക്കത്തുള്ളവരെല്ലാം കേട്ടെങ്കിലും, രാജൻ മാത്രം കേട്ടില്ല. ആര്യയ്ക്ക് പഠനം തുടരണം. അച്ഛനെ ഉണർത്താനുള്ള ശബ്ദമാകാൻ സുമനസുകളുടെ കാരുണ്യവും ഇവൾക്ക് വേണം. അതിനിടെ ആര്യയുടെ ഈ അവസ്ഥ കേട്ടറിഞ്ഞ് പലരും സഹായവുമായി എത്തിയിട്ടുണ്ട്. ചിലർ ചികിത്സാ ചിലവിനും, മറ്റു ചിലർ പഠനാവശ്യങ്ങൾക്കും സഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്. പാട്ടും, നൃത്തവും, ഒപ്പം കവിതയേയും സ്നേഹിച്ച ആര്യയുടെ ലക്ഷ്യം, ഒരു മികച്ച തൊഴിലും, അച്ഛന് മികച്ച ചികിത്സയുമാണ്.