ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ 1 വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും ഉള്‍പ്പെട്ട ബെഞ്ചാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്‌രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം. ഇടക്കാല ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തിരുന്നു. ജാമ്യത്തെ എതിർത്ത് ഇഡി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യുകയും ചെയ്തിരുന്നു. പ്രചാരണം നടത്തുകയെന്നതു മൗലികാവകാശമോ ഭരണഘടനാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു സത്യവാങ്മൂലം.
ഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടടെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് കെജ്‌രിവാള്‍ ജയിലിന് പുറത്തിറങ്ങുന്നത്. മെയ് 25 ന് ആറാം ഘട്ട വോട്ടെടുപ്പിലാണ് ഡല്‍ഹിയിലെ ഏഴു സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീം കോടതി വിധി. ജാമ്യകാലാവധി അവസാനിക്കുന്നതിന് പിറ്റേദിവസമായ ജൂണ്‍ രണ്ടിന് കെജ്‌രിവാള്‍ കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിച്ചു. പുറത്തിറങ്ങിയാല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുകയോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വാദം കേള്‍ക്കുന്നതിനിടെ പരാമർശിച്ചിരുന്നു.