ബംഗാളിൽ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ നടപടിക്കെതിരെ അരവിന്ദ് കേജരിവാൾ

Jaihind Webdesk
Friday, May 17, 2019

Aravind-Kejrival-AAP

പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പു കമ്മീഷൻറെ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവു ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് കേജരിവാൾ ആരോപിച്ചു. ബംഗാളിൽ പ്രധാനമന്ത്രിയുടെ റാലിക്കു തൊട്ടുപിന്നാലെ രാത്രി 10 ന് തന്നെ എന്തിനുവേണ്ടിയാണ് പ്രചാരണം അവസാനിപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടതെന്ന് അദ്ദേഹം ചോദിച്ചു.
പഞ്ചാബിലെ മോഗയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേജരിവാൾ. കമ്മീഷൻറെ നിലപാടിനെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ പക്ഷപാതപരമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിട്ടില്ല. മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച കേജരിവാൾ മോദിയെ ബംഗാളിലെ ജനം പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു.

കമ്മീഷൻറെ നടപടിയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കമ്മീഷൻറെ നടപടി ഭരണഘടനയോടു കാണിക്കുന്ന ക്ഷമിക്കാനാവാത്ത വഞ്ചനയാണെന്നു കോൺഗ്രസ് ആരോപിച്ചപ്പോൾ, മമതാ ബാനർജിക്കെതിരായ ബിജെപി നീക്കം തീക്കളിയാണെന്ന വിമർശന വുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി.
ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ കൊൽക്കത്തയിൽ ബിജെപി- തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ആക്രമണം ഉണ്ടായതിൻറെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു കമ്മീഷൻറെ നടപടി. എന്നാൽ, ബിജെപിക്കും നരേന്ദ്ര മോദിക്കും വേണ്ടിയുള്ള അധാർമികവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണു കമ്മീഷൻറേതെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ആരോപിച്ചു.

നരേന്ദ്ര മോദി വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പു റാലികൾക്കു വേണ്ടിയാണ് കമ്മീഷൻ രാത്രി പത്ത് വരെ സമയം നൽകിയതെന്നും ആക്രമണത്തിൽ ബി ജെപിക്കു പങ്കുണ്ടായിട്ടും അവർക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി.