അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

 

ന്യൂഡൽഹി: അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 19-നായിരുന്നു രണ്ടിടങ്ങളിലും വോട്ടെടുപ്പ്. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

അരുണാചല്‍ പ്രദേശിലെ 50 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. 10 സീറ്റുകളില്‍ എതിരില്ലാതെ ബിജെപി സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. ബിജെപി -41, കോണ്‍ഗ്രസ് – 4, ജെഡിയു -7 എന്‍പിപി- 5 എന്നിങ്ങനെയായിരുന്നു 2019-ലെ കക്ഷിനില. 133 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്.

32 അംഗ സിക്കിം നിയമസഭയില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (SKM) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (SDF) തമ്മിലാണ് പ്രധാന മത്സരം.  എസ്കെഎം-17, എസ്ഡിഎഫ്-15 എന്നിങ്ങനെയായിരുന്നു 2019-ലെ കക്ഷിനില. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Comments (0)
Add Comment