‘മാനാഭിമാനങ്ങൾ ആരുടേയും കുത്തകയല്ല, നിങ്ങളിതെങ്ങോട്ടാണ് പൊലീസ്’ ; വിമർശിച്ച് കുറിപ്പ്

Jaihind Webdesk
Monday, August 30, 2021

തിരുവനന്തപുരം : കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. മലപ്പുറത്ത് പോക്‌സോ കേസില്‍ നിരപരാധിയായ പതിനെട്ടുകാരനെ ജയിലിലടച്ച സംഭവും ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയുമടക്കം ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ഗോപിയുടെ വിമര്‍ശനം.

ജീവിതം എല്ലാവർക്കും ഉണ്ടെന്നും മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘കുറ്റം തെളിയുന്നത് വരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് പതിനെട്ടുകാരന്‍റെ കേൾവിയ്ക്കു വരെ തകരാർ സൃഷ്ടിച്ച് നിയമത്തെ എടുത്തു പുറം ചൊറിയുന്നത്. നിങ്ങളിതെങ്ങോട്ടാണ് പൊലീസ്..!! പിങ്ക് പൊലീസിന്‍റെ പങ്ക് നിരപരാധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോടെ ചോദിച്ചു പോകുന്നതാണ്..!!’-അരുണ്‍ ഗോപി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മൊഴികേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പോലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്… മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല..!! ഒരു പാവം പയ്യനെ 36 ദിവസം…!! അങ്ങനെ എത്ര എത്ര നിരപരാധികൾ!! കുറ്റം തെളിയുന്നത് വരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേൾവിയ്ക്കു വരെ തകരാർ സൃഷ്ട്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നതു..!! നിങ്ങളിതെങ്ങോട്ടാണ് പോലീസ്..!! പിങ്ക് പോലീസിന്റെ പങ്ക് നിരപരാധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോടെ ചോദിച്ചു പോകുന്നതാണ്..!! നല്ലവരായ പോലീസുകാർ ക്ഷമിക്കുക..!!