രാജ്യമെങ്ങും പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദീപ്തസ്മരണയില്‍ മുഴുകുമ്പോള്‍ ആ വിശിഷ്ട വ്യക്തിത്വം തന്‍റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവും ഇന്ദിരാഗാന്ധിയോടൊപ്പം ചെലവിടാന്‍ കഴിഞ്ഞ നിമിഷങ്ങളും നെഹ്റു കുടുംബവുമായുള്ള അടുപ്പവും എല്ലാം അനുസ്മരിച്ച് ഒരു നാഗ്പൂര്‍ ഓര്‍മ്മ എന്ന പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. മരണം മുന്നില്‍കാണുമ്പോഴും രാഷ്ട്രമെന്ന വികാരം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇന്ദിരാഗാന്ധിയുടെ ആത്മധൈര്യവും സ്വന്തം ജീവനില്‍ ഉപരി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും ദേശീയ ഏകീകരണത്തിനും മുന്‍തൂക്കം നല്‍കണമെന്ന ഉറച്ച ബോധ്യവും ഏത് ദുഷ്കരമായ ഘട്ടത്തിലും മുന്നിട്ട് നില്‍ക്കുന്ന ആജ്ഞാശക്തിയും അദ്ദേഹം മാതൃകയായി കാട്ടുന്നു. ഒപ്പം രാജീവ് ഗാന്ധിയുടെ നേതൃപാടവവും സഹപ്രവര്‍ത്തകരോടുള്ള പരിഗണനയും അദ്ദേഹം ലേഖനത്തില്‍ ഓര്‍ത്തെടുക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായുള്ള തുടക്ക കാലഘട്ടത്തില്‍ തന്നെ തനിക്ക് ലഭിച്ച ആ കരുതലും സ്നേഹവും അനുഭവങ്ങളും ചേര്‍ത്തെഴുതിയ ഹൃദയസ്പർശിയായ ലേഖനം സമൂഹമാധ്യമങ്ങളും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
രമേശ് ചെന്നിത്തലയുടെ ലേഖനത്തിന്‍റെ പൂര്‍ണ്ണ രൂപം :
ഇന്ദിരാഗാന്ധിയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് സ്കൂളിൽ പഠിക്കുമ്പോഴാണ്; കാണാൻ സാധിക്കുന്നത് ഹരിപ്പാട് ബോയ്‌സ് ഗ്രൗണ്ടിൽവെച്ചും. അതും എന്‍റെ തെരഞ്ഞെടുപ്പ് യോഗത്തിൽ. പക്ഷേ, ഇന്ദിരാജിയോട് അടുത്ത് ഇടപഴകാൻ സാധിക്കുന്നത് 1982 മുതൽ ആണ്. 1980-ലാണ് ഞാൻ കെ.എസ്.യു.പ്രസിഡന്‍റ് ആകുന്നത്.
ലീഡറുടെ ആ മെസേജ്
കൂത്തുപറമ്പിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ലീഡറുടെ ഒരു മെസേജ് വരുന്നത്, ഡൽഹിയിൽ എത്തി രാജീവ്ജിയെ കാണണം. പിറ്റേന്നുതന്നെ ഡൽഹിയിൽ അക്ബർ റോഡിലുള്ള അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി. മുറിയിലേക്ക് കടക്കുമ്പോൾ ജീൻസും ജാക്കറ്റും ധരിച്ച് ജനലിലൂടെ പുറത്തേക്കുനോക്കി നിൽക്കുന്ന രാജീവ് ഗാന്ധി. ഒരു ചെറുചിരിയോടെ അദ്ദേഹം ചോദിച്ചു: ‘‘രമേശ്, ഡൽഹിയിൽ പ്രവർത്തിക്കാൻ സാധിക്കുമോ? ഐ വാണ്ട് യു റ്റു ബി ദ നെക്സ്റ്റ് എൻ.എസ്.യു.ഐ. പ്രസിഡന്‍റ്.’’ സന്തോഷത്തോടെയും അഭിമാനത്തോടെയും സമ്മതം അറിയിച്ചു. പിന്നെ നടന്നത് എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നു.‘‘വരൂ അമ്മയുടെ അടുത്തേക്കു പോകാം’’
‘‘കമോൺ, ഐ വിൽ ടേക് യൂ റ്റു മമ്മി’’ എന്നുപറഞ്ഞ് അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് ഇന്ദിരാജിയുടെ വസതിയിലേക്ക്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുമ്പുതന്നെ ഞങ്ങൾ ഇന്ദിരാജിയുടെ മുന്നിൽ എത്തുന്നു. നീലയും വെളുപ്പും ചേർന്ന സാരിയിൽ, കറുത്തനിറമുള്ള ഒരു മുത്തുമാല ധരിച്ചുനിന്ന ഇന്ദിരാജിയുടെ മുഖം ഇന്നും മനസ്സിൽ ഒളിമായാതെ നിൽക്കുന്നു.
റഷ്യയിലേക്ക് പോകുന്ന തിരക്കിലായിരുന്ന അമ്മയോട് രാജീവ്ജി കാര്യം അവതരിപ്പിക്കുന്നു. അടുത്തുനിന്ന ജി.കെ. മൂപ്പനാരോട് അന്നുതന്നെ ഉത്തരവിടണം എന്ന് ഇന്ദിരാജി നിർദേശം നൽകുകയും തുടർന്ന് എയർപോർട്ടിൽവെച്ചുതന്നെ ഉത്തരവിൽ ഒപ്പുവെക്കുകയും ചെയ്തു. പിന്നീട് രാജീവ്ജി എ.ഐ.സി.സി. ജനറൽ സെക്രട്ടറി ആയി എൻ.എസ്.യു., യൂത്ത് കോൺഗ്രസ് ചുമതല ഏറ്റെടുത്തു. തുടർന്നുള്ള മാസങ്ങളിൽ ഇന്ത്യയിൽ ഉടനീളം എൻ.എസ്.യു. പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അതിന്റെ ഭാഗമായി അഞ്ചുലക്ഷത്തോളം യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ യുവ സംഗമം നാഗ്പുരിൽ നടത്താൻ തീരുമാനിക്കുന്നു. പരിപാടിയുടെ അവസാനദിവസം ഇന്ദിരാജി പങ്കെടുക്കും, യുവാക്കളെ അഭിസംബോധന ചെയ്യും, അവരുടെ ഇടയിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കും എന്നായിരുന്നു പ്ലാൻ.
അന്നവിടെ സംഭവിച്ചത്
പങ്കെടുക്കുന്നവരുടെ താമസം, ഭക്ഷണം, യാത്ര തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. രാജീവ്ഗാന്ധി ആദ്യ ദിനം മുതൽ തന്നെ ക്യാമ്പിലുണ്ട്. സമയത്തുതന്നെ പരിപാടി ആരംഭിക്കുന്നു. പതിയെപ്പതിയെ പരിപാടിയിൽ ചെറിയചെറിയ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി. ഇത്രയും ജനം പങ്കെടുക്കുന്ന പരിപാടിയിൽ ഇതൊക്കെ സ്വാഭാവികം എന്നാണ് ആദ്യം കരുതിയത്. വൈകുന്നേരമാകുമ്പോഴേക്കും പ്രശ്നം വഷളായി.ഭക്ഷണവും താമസവും തികയില്ല എന്ന് ഒരു കിംവദന്തി പരക്കുന്നു. ആസൂത്രിതമായ ഒരു പ്ലോട്ട് പോലെ. സ്ഥിതിഗതികൾ കൈവിട്ടു പോകുമെന്നായപ്പോൾ ഞാൻ രാജീവ്ജിയെ കാര്യങ്ങൾ ധരിപ്പിച്ചു. ഒരു നിമിഷം ആലോചിച്ചശേഷം അദ്ദേഹം പുറത്തേക്കിറങ്ങി ഒരു ജീപ്പിന്‍റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി, ഒപ്പം ഞാനും. വണ്ടി നേരെ റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക്. അവിടെ നിന്ന് അദ്ദേഹം റെയിൽവേമന്ത്രിയുമായി സംസാരിക്കുന്നു, മുഖ്യമന്ത്രിയുമായി സംസാരിക്കുന്നു. പെട്ടെന്നുതന്നെ റെയിൽവേ കാന്‍റീനുകൾ തുറക്കുന്നു. സ്കൂളുകളും ഗസ്റ്റ് ഹൗസുകളും തുറക്കുന്നു. ആവശ്യമായ ഭക്ഷണവും താമസസൗകര്യങ്ങളും പെട്ടെന്നുതന്നെ തയ്യാറാകുന്നു. ഒരു വിഭാഗം പ്രവർത്തകരെ ഉടൻ തന്നെ ഈ സംവിധാനങ്ങളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കുന്നു.
രാവിലെ ഇന്ദിരാജി എത്തുമ്പോൾ എല്ലാം നിയന്ത്രണവിധേയം. ആവേശഭരിതരായ യുവസമുദ്രം. ഇന്ദിരാജിയുടെ ഓരോ വാക്കുകൾക്കും കടലിരമ്പുന്ന പോലുള്ള കൈയടി. തുറന്ന ജീപ്പിൽ റോഡ് ഷോ ആരംഭിച്ചപ്പോൾ പ്രവർത്തകർ ആവേശത്തിന്‍റെ പാരമ്യത്തിലെത്തി. ഇന്ദിരാജിയെ എത്രമാത്രം ജനങ്ങൾ സ്നേഹിക്കുന്നു എന്നതിന്റെ നേർക്കാഴ്ച.
പിന്നീട് ഇന്ദിരാജിയുടെ രക്തസാക്ഷിത്വത്തിനുശേഷം, അത് അന്വേഷിച്ച തക്കർ കമ്മിഷൻ റിപ്പോർട്ട് വന്നപ്പോഴാണ് അന്ന് നാഗ്പുരിൽ നടന്നത്, മനഃപൂർവം ബഹളം സൃഷ്ടിച്ച് ഇന്ദിരാജിയെ വധിക്കാനുള്ള ഒരു ശ്രമമായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കിയത്.
ജീവനല്ല, പ്രധാനം രാജ്യം
ഇന്ന് ഇന്ദിരാഗാന്ധിയുടെ ചരമ വാർഷികമാണ്. രഹസ്യാന്വേഷണ ഏജൻസികൾ തന്റെ സിഖ് അംഗരക്ഷകരെ ഒഴിവാക്കി എന്നറിഞ്ഞപ്പോൾ, അത് സിഖ് വംശജരെ രാജ്യത്തിൽനിന്ന് കൂടുതൽ അകറ്റുകയേയുള്ളൂ എന്നുപറഞ്ഞ് അവരെ തിരിച്ച് നിയമിക്കുകയായിരുന്നു ഇന്ദിരാഗാന്ധി. 1984 ഒക്ടോബർ 31, രാവിലെ 9.20-ന് ഏറ്റവും വിശ്വസ്തനായ അംഗരക്ഷകൻ ബിയാന്ത് സിങ് തന്‍റെ ഇടനെഞ്ചിലേക്ക് നിറയൊഴിച്ചപ്പോൾ, ഇന്ദിരാജി ഉള്ളിൽ ചിരിച്ചുകാണും. കാരണം, സ്വന്തം ജീവനിൽ ഉപരി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക്, ദേശീയ ഏകീകരണത്തിന് മുൻതൂക്കം നൽകണം എന്ന ഉറച്ച ബോധ്യത്തിലാണ്, ഇന്ദിരാഗാന്ധി സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അങ്ങനെ ഒരു തീരുമാനം ഏറ്റെടുത്തത്.മതത്തിന്‍റെ പേരിൽ പൗരരെ തരം തിരിക്കുകയും പൗരത്വരജിസ്റ്ററിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം ഒരോർമപ്പെടുത്തലാണ്. മതവും ജാതിയുമല്ല, രാഷ്ട്രമെന്ന വികാരമാണ് വലുത് എന്ന ഓർമപ്പെടുത്തൽ.