ഭയക്കാതെ സംസാരിക്കാനും വ്യവസായം ചെയ്യാനും കഴിയുന്നൊരു പുതിയ ഇന്ത്യയാണ് തന്‍റെ സ്വപ്നമെന്ന് ശശി തരൂര്‍

ഭയക്കാതെ സംസാരിക്കാനും വ്യവസായം ചെയ്യാനും കഴിയുന്നൊരു പുതിയ ഇന്ത്യയാണ് തന്‍റെ സ്വപ്നമെന്ന് ശശി തരൂര്‍ എംപി. ഒരു മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജനാധിപത്യം ഇഷ്ടപ്പെടുന്ന മിക്കവരെയും പോലെ എനിക്കും ഒരു പുതിയ ഇന്ത്യ വേണം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം നേരിടേണ്ടിവരാത്ത, നിങ്ങൾക്ക് പ്രിയപ്പെട്ട വിശ്വാസത്തിന്റെ പേരിൽ പാർശ്വവൽക്കരിക്കപ്പെടാത്ത, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ പേരിൽ കുറ്റവാളിയാക്കപ്പെടാത്ത, നിങ്ങൾ നടത്തുന്ന ബിസിനസിന്റെ പേരിൽ അവിശ്വസിക്കപ്പെടാത്ത, ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ തടവിലാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരു പുതിയ ഇന്ത്യയായിരിക്കണം അത്. രാഹുൽ ബജാജിനും കിരൺ മസൂംദാർഷായ്ക്കും നിക്ഷേപം നടത്താനോ വിജയിക്കാനോ പരാജയപ്പെടാനോ സർക്കാരിനോട് നിർഭയമായി സംസാരിക്കാനോ സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യ. 2014 വരെ ഞങ്ങൾക്ക് ഉണ്ടായിരുന്ന ഇന്ത്യ ഇതാണ്. അത് തിരികെകൊണ്ടുവരാൻ നമ്മൾ പ്രവർത്തിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

ലേഖനത്തിന്റെ പൂർണരൂപം :

ഇന്ത്യയിലെ മുതിർന്ന വ്യവസായികളിലൊരാളും ബജാജ് ഗ്രൂപ്പ് ചെയർമാനുമായ രാഹുൽ ബജാജിന്‍റെ സമീപകാല പ്രസ്താവന ഇത്രയും കാലവും നമ്മള്‍ ഒളിഞ്ഞും മറഞ്ഞും മാത്രം പറഞ്ഞിരുന്ന പല കാര്യങ്ങളെയും ഭൂതത്തെ കുടത്തിന്‍റെ മൂടി തുറന്ന് പുറത്തേയ്ക്ക് വിട്ടതുപോലെ പരസ്യ ചര്‍ച്ചകള്‍ക്കായി ജാലകം തുറന്നു. നവംബർ 30 ന് നടന്ന ഇക്കണോമിക് ടൈംസ് അവാർഡ് ദാന ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ മൂന്ന് കേന്ദ്രമന്ത്രിമാർ പങ്കെടുത്ത വേദിയില്‍ തന്നെയാണ് രാഹുല്‍ ബജാജ് ഇന്ത്യയിലെ ഭയത്തിന്‍റെ അന്തരീക്ഷത്തെക്കുറിച്ച് സംസാരിക്കുകയും ഏതെങ്കിലും തരത്തിലുള്ള വിമർശനങ്ങളോടുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ അസഹിഷ്ണുത ചൂണ്ടിക്കാട്ടിയതും.

“ഈ അന്തരീക്ഷം (ഭയത്തിന്‍റെ), ഇത് തീർച്ചയായും നമ്മുടെ മനസ്സിലുണ്ട്, പക്ഷേ ആരും അത് തുറന്നുപറയുന്നില്ല, എന്‍റെ വ്യവസായ ചങ്ങാതിമാര്‍ ഉള്‍പ്പെടെ” രാഹുൽ ബജാജ് പറഞ്ഞു. “രണ്ടാം യുപി‌എ സര്‍ക്കാരിന്‍റെ കാലത്ത്, ഞങ്ങൾ‌ക്ക് ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞങ്ങൾ നിങ്ങളെ പരസ്യമായി വിമർശിക്കുകയാണെങ്കിൽ, നിങ്ങൾ അത് അംഗീകരിക്കുമെന്ന വിശ്വാസം ഇന്ന് ഞങ്ങൾക്ക് ഇല്ല. ”

ആത്മാർത്ഥമായ അഭിപ്രായങ്ങൾ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്

മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങും സമാനമായ ആശങ്കകൾ പങ്കുവച്ചിരുന്നു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭയമാണ് ഇന്ന് നമ്മുടെ സമൂഹത്തിനുള്ളത്. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന ഭീതിതമായ അന്തരീക്ഷവും അവിശ്വാസവും, പൗരന്മാർക്കിടയിലെ ആത്മവിശ്വാസക്കുറവും ബിസിനസ്സ് രംഗത്തെ ശുഭാപ്തിവിശ്വാസത്തെയും നിക്ഷേപകന്റെ ആത്മബലത്തെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കളും അദ്ദേഹം പങ്കുവച്ചിരുന്നു.

മൻമോഹൻസിംഗ് വിശദീകരിച്ചതുപോലെ മോദി സർക്കാർ എല്ലാത്തിനെയും എല്ലാവരേയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വീക്ഷണകോണിലൂടെയാണ് കാണുന്നത്. അതിനാൽ തന്നെ മുൻ സർക്കാരുകളുടെ ഓരോ നയവും മോശം ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് കരുതാനും, അനുവദിക്കപ്പെട്ട വായ്പകൾ ഓരോന്നും അർഹതയില്ലാത്തവയെന്നും എല്ലാ പുതിയ വ്യാവസായിക പദ്ധതികളും പ്രകൃതിയെ നശിപ്പിക്കാനുള്ളവയെന്നും വിലയിരുത്തപ്പെടുന്നു.

സർക്കാർ അധികാരികളുടെ ഉപദ്രവം ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് നിരവധി വ്യവസായികൾ തന്നോട് പറഞ്ഞുവെന്ന് മൻമോഹൻസിംഗ് വെളിപ്പെടുത്തിയിരുന്നു. പ്രതികാര നടപടികൾ ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ മടിക്കുന്നു. കാരണം മറ്റ് പല അപ്രതീക്ഷിത കാരണങ്ങളാൽ പരാജയപ്പെടും എന്ന ഭയത്താൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ സംരംഭകർ തയ്യാറാകുന്നില്ല. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സാമ്പത്തിക വളർച്ചയ്ക്ക് പുത്തൻ കുതിപ്പുണ്ടാക്കുന്നതുമായ സാങ്കേതിക രംഗത്തെ സ്റ്റാർട്ടപ്പുകൾ നിരന്തര നിരീക്ഷണത്തിന്റെയും സംശയത്തിന്റെയും നിഴലാണ്. സർക്കാരിലെയും മറ്റ് സ്ഥാപനങ്ങളിലെയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടവർ പോലും സത്യം തുറന്നു പറയാനോ സത്യസന്ധമായ നയ ചർച്ചകളിൽ ഏർപ്പെടാനോ ഭയപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒരു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്റെയും രാഷ്ട്രീയക്കാരന്റെയും വിശകലനമാണ് മേൽപ്പറഞ്ഞതെങ്കിൽ, അതിനെ അടിവരയിടുന്നതാണ് വ്യവസായ രംഗത്ത് നിന്നുള്ളവരുടേതെന്ന് ബജാജിന്റെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നു.

ബയോകോൺ മേധാവി കിരൺ മസൂംദാർഷായും ബജാജിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. സർക്കാർ വ്യവസായ സമൂഹത്തെ ‘തൊട്ടുകൂടാത്തവരായി’ കണ്ട് അകറ്റി നിർത്തുകയാണെന്നും അങ്ങനെയല്ലെന്ന് തെളിയിക്കുവോളം മൻമോഹൻസിംഗ് പറഞ്ഞത് പോലെ അതാണ് ‘മോദിസർക്കാരിന്റെ’ ഭരണ സിദ്ധാന്തമെന്നും മസുംദാർഷാ ട്വീറ്റ് ചെയ്തു.

വിമർശനത്തിന് കഠിനമായ ശിക്ഷ ലഭിക്കുകയും എന്തിനെയും സംശയത്തോടെ മാത്രം കാണുകയും ചെയ്യുന്ന ഒരു അന്തരീക്ഷത്തിൽ ബിസിനസുകാർ നിങ്ങളോട് ഉയർന്ന ശബ്ദത്തിൽ സംസാരിക്കാൻ പോലും ഭയക്കുന്നു, അടക്കം പറയുന്നത് അവർ ശീലമാക്കിയിരിക്കുന്നു. വിമർശിക്കുന്നവർക്കെതിരെ കേസെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതത് അതും മിക്കപ്പോഴും ഒന്നിന് മേൽ ഒന്നായി അടിച്ചേൽപ്പിക്കപ്പെടുന്ന കെട്ടിച്ചമച്ച കേസുകളും പിന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെയുള്ള അർദ്ധരാത്രി റെയ്ഡുകളുടെ പിന്തുണയോടെയുള്ള ‘നികുതി ഭീകരത’, അതിനും പുറമെ വിചാരണ കൂടാതെ ആളുകളെ ജയിലിലടയ്ക്കുക.

മാധ്യമങ്ങളും സമാനമായി ഭയപ്പെടുന്നു. മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥർക്കുള്ള ഒരു ഫോൺ കോളിന് ്‌ശേഷം എഡിറ്റർമാരെ നീക്കം ചെയ്യുന്നു. പലപ്പോഴും ഈ ഉടമകൾക്ക്, അവരെ ദുർബലരാക്കുന്ന, മറ്റ് ബിസിനസ്സ് താൽപ്പര്യങ്ങളുണ്ടാകാം . തൊഴിൽനഷ്ടം, കളങ്കിതമായ പ്രശസ്തി, വ്യക്തിപരമായ സമ്മർദ്ദം, സമയ നഷ്ടം എന്നിങ്ങനെ വലിയ വില തന്നെ മോദി സർക്കാരിനെ വിമർശിക്കുന്നതിന് മാധ്യമപ്രവർത്തകർ നൽകേണ്ടി വരും. അതിനാൽ തന്നെ പലരും ബോധപൂർവം നിശബ്ദത പാലിക്കുക എന്നത് ശീലമാക്കുന്നു.

ഇന്നത്തെ ഇന്ത്യയിൽ ഭയം വ്യക്തമാണ്

ഇടുങ്ങിയ ചിന്താഗതിക്കാരുടെ ഭൂരിപക്ഷവാദം നിലനിൽക്കുന്ന, ജനക്കൂട്ട ആക്രമണങ്ങൾ നടത്തുന്ന മത-വർഗ്ഗീയ-രാഷ്ട്രീയ ഭ്രാന്തന്മാരുടെയും ഗോരക്ഷകരുടെയും നേതൃത്വത്തിൽ സാമുദായിക അക്രമസംഭവങ്ങൾ വർദ്ധിക്കുന്ന, വൃത്തികെട്ടതും വികലവുമായ ആശയങ്ങൾ ഉയരുന്ന ഇന്ത്യയെക്കുറിച്ച് ഞാൻ The Paradoxical Prime Minister എന്ന എന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

ബിജെപിയുടെ പുതിയ ഇന്ത്യയിൽ, ‘ഭാരത് മാതാ കി ജയ്’, ‘ജയ്ശ്രീറാം’ എന്നിവ ഇന്ത്യക്കാരെ ഉയർന്ന ആശയങ്ങളിലേക്ക് വിളിക്കുന്ന മനോഹരമായ മുദ്രാവാക്യങ്ങളേക്കാൾ വർഗീയതയുടെയും വിദ്വേഷത്തിന്റെയും നിലവിളികളായി മാറിയിരിക്കുന്നു. പശുസംരക്ഷണത്തിന്റെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. മുസ്ലീങ്ങളും ദലിതരും പ്രത്യേകിച്ചും ഇരകളാക്കപ്പെട്ടു : വ്യോമസേന ഉദ്യോഗസ്ഥന്റെ പിതാവ് (മുഹമ്മദ് അഖ്‌ലക്ക്), ഈദ് ദിന ഷോപ്പിംഗ് നടത്തി മടങ്ങിയ 15കാരൻ (ജുനൈദ്ഖാൻ), പശുക്കളെ പെർമിറ്റോടുകൂടി കടത്തിയിരുന്ന ഡയറിഫാം കർഷകൻ (പെഹ്ലുഖാൻ), ചത്ത പശുവിനെ തൊലിയുരിയുന്ന പരമ്പരാഗത ജോലി ചെയ്യുന്ന ദളിതർ (ഉനയിലെ ആൾക്കൂട്ടക്കൊലപാതകം) ഇതെല്ലാം ബിജെപിയുടെ പുതിയ ഇന്ത്യയിലുണ്ടായ അപകടങ്ങളാണ്. ‘ഒരു രാജ്യത്തിന്റെ നിറങ്ങളിൽ ചാലിച്ച് ഒരേ രാഗത്തിൽ ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറിയിരുന്ന ആ പ്രത്യാശകളെല്ലാം എങ്ങനെയാണ് പൂർണമായും ഭയത്തിന്റെ കമ്പളത്തിൽ പുതപ്പിച്ച് മുടിയതെന്ന് പണ്ഡിതൻ പ്രതാപ ്ഭാനുമേത്ത ചോദിച്ചതു എത്ര ശരിയാണ്.

ബിജെപിയുടെ ആദ്യ ടേമിൽ ഈ ഭയത്തിന്റെ രാജ്യത്തെ ക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നിരുന്നുവെങ്കിൽ, ബിജെപി സർക്കാർ അതിന്റെ രണ്ടാം ടേമിൽ ഏതാനും മാസങ്ങൾക്കുള്ളിൽ അത് ഒരു യാഥാർത്ഥ്യമായി മാറ്റിയെന്നത് ജമ്മു കശ്മീരിലെ ജനങ്ങൾ ഇപ്പോൾ നൂറു ദിവസത്തിലേറെ അനുഭവിച്ചറിഞ്ഞതോടെ വ്യക്തമായി.

ഒരു സംസ്ഥാനത്തെ ഒറ്റ രാത്രി കൊണ്ട് പൂട്ടിക്കെട്ടി നിശ്ചലാവസ്ഥയിലാക്കി, പെട്രോൾ പമ്പുകളും കടകളും അടച്ചുപൂട്ടിയ, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ് തുടങ്ങിയ അടിസ്ഥാന യൂട്ടിലിറ്റികളും നിഷേധിച്ച് രാഷ്ട്രീയ നേതാക്കളെ പോലും തടവിലാക്കി, എട്ട് ദശലക്ഷം സഹപൗരന്മാരുടെ അനുഭവത്തെ മറ്റൊരാൾക്ക് എങ്ങനെ താരതമ്യം ചെയ്യാനോ സങ്കൽപിക്കാനോ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഈ ഒറ്റ പ്രവൃത്തി കൊണ്ട് തകിടം മറിച്ച ആ താഴ് വരയിലെ ജനജീവിതത്തിന് എന്നെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചുവരവിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഈ പ്രവർത്തിയിലൂടെ, സ്വയം തീരുമാനിച്ച് 1947 ഓഗസ്റ്റ് 15 ന് ജനിച്ച, ഇന്ത്യയിൽ ലയിച്ചു ചേർന്ന ജമ്മുകശ്മീരിന്് ഉണ്ടായിരുന്ന എല്ലാ ചരിത്രപരമായ സ്വാതന്ത്ര്യ സ്മരണകളുമാണ് മോദിസർക്കാർ തകർത്തത്.

ജനാധിപത്യം ഇഷ്ടപ്പെടുന്ന മിക്കവരെയും പോലെ എനിക്കും ഒരു പുതിയ ഇന്ത്യ വേണം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം നേരിടേണ്ടിവരാത്ത, നിങ്ങൾക്ക് പ്രിയപ്പെട്ട വിശ്വാസത്തിന്റെ പേരിൽ പാർശ്വവൽക്കരിക്കപ്പെടാത്ത, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ പേരിൽ കുറ്റവാളിയാക്കപ്പെടാത്ത, നിങ്ങൾ നടത്തുന്ന ബിസിനസിന്റെ പേരിൽ അവിശ്വസിക്കപ്പെടാത്ത, ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ തടവിലാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരു പുതിയ ഇന്ത്യയായിരിക്കണം അത്. രാഹുൽ ബജാജിനും കിരൺ മസൂംദാർഷായ്ക്കും നിക്ഷേപം നടത്താനോ വിജയിക്കാനോ പരാജയപ്പെടാനോ സർക്കാരിനോട് നിർഭയമായി സംസാരിക്കാനോ സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യ. 2014 വരെ ഞങ്ങൾക്ക് ഉണ്ടായിരുന്ന ഇന്ത്യ ഇതാണ്. അത് തിരികെകൊണ്ടുവരാൻ നമ്മൾ പ്രവർത്തിക്കണം അല്ലെങ്കിൽ മുപ്പതാണ്ടിന് ശേഷം ഓർവെലിന്റെ 1984 നമ്മുടെ പുതിയ യാഥാർത്ഥ്യമായി മാറിയേക്കും.

Shashi Tharoor MP
Comments (0)
Add Comment