മറ്റൊരു വർഷം തുടങ്ങിയിരിക്കുന്നു; മറ്റൊരു ബഡ്ജറ്റ് അടുത്ത് വരുന്നു; അതോടൊപ്പം ഇന്ത്യൻ സമ്പദ്വ്യവസ്ഥയയ്ക്ക് അതിപ്രധാനഫലങ്ങളുണ്ടാക്കുന്ന ഒരു വർഷം കൂടി.
2016-17 മുതൽ ഓരോ വർഷവും അദ്ഭുതങ്ങളും കണ്ണുനീരുമാണ് കൊണ്ടുവന്നിട്ടുള്ളത്. മഹാദുരന്തമായ നോട്ടുനിരോധനത്തിന്റേതായിരുന്നു 2016-17 . വികലമായ ചരക്കു സേവന നികുതിയുടെയും അതിന്റെ ധൃതി പിടിച്ചുള്ള നടപ്പിലാക്കലിന്റെയും വർഷമായിരുന്നു 2017-18 . 2018-19 ൽ ആണ് താഴേക്കുള്ള ഇറക്കം ആരംഭിച്ചതും ഓരോ പാദത്തിലും യഥാക്രമം 8, 7. 6.6 , 5.8 ശതമാനം എന്ന നിരക്കിൽ വളർച്ചാ നിരക്ക് കുറഞ്ഞതും. ഒരു മുന്നറിയിപ്പും കാര്യമായെടുക്കാതെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായി തകർന്നടിയാൻ ഗവൺമെന്റ് അനുവദിച്ചു കൊടുത്ത പാഴായിപ്പോയ വർഷമായിരുന്നു 2019-20.
തകർച്ചയുടെ വ്യാപ്തി
ഇപ്പോൾ പൂർണമായും വ്യക്തമാകുന്നതിങ്ങനെയാണ്:
> 2019-20 ൽ കണക്കുകളിൽ അവസാന പുതുക്കലുകൾ നടത്തുമ്പോൾ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലും കുറവായിരിക്കും
> പ്രധാന വിഭാഗങ്ങളായ നികുതി വരുമാനത്തിന്റെയും ഓഹരി വിറ്റഴിക്കലിന്റെയും കീഴിൽ ഗവൺമെന്റിന്റെ വരുമാനം ബഡ്ജറ്റിൽ കണക്കാക്കിയതിനേക്കാൾ ഏറെ കുറയും
> ധന കമ്മി ബഡ്ജറ്റിൽ കണക്കാക്കിയ 3.3 ശതമാനം കടന്ന് 3.8 മുതൽ 4.0 ശതമാനത്തിനിടയിലാകും
> മുൻവർഷത്തെ അപേക്ഷിച്ചു വ്യാപാരസാധനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞ വളർച്ചാ നിരക്ക് കാണിക്കും
> നിലവിലെ വിലനിരക്കിനെ ആധാരമാക്കിയുള്ള ഗ്രോസ് ഫിക്സഡ് കാപിറ്റൽ ഫോർമേഷൻ (GFCF) ഇൻഡക്സിന്റെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെട്ട സ്വകാര്യ നിക്ഷേപം 57,42,431 കോടി (ജി.ഡി.പിയുടെ 28.1 ശതമാനം) ആയിരിക്കും. ഇത് സൂചിപ്പിക്കുന്നത് റിസ്ക് എടുക്കാനുള്ള നിക്ഷേപകരുടെ വൈമുഖ്യവും മടുപ്പുമാണ്.
> വര്ഷം മുഴുവനായും സ്വകാര്യ ഉപഭോഗം മന്ദഗതിയിൽത്തന്നെ തുടർന്നു
> കാർഷിക മേഖല തീവ്രമായ സമ്മർദ്ദത്തിൽ തുടരുകയും രണ്ടു ശതമാനം മാത്രം വളർച്ചാ നിരക്ക് കാണിക്കുകയും ചെയ്യും
> മുഴുവൻ തൊഴിൽലഭ്യതയിൽ കുറവ് വരുത്തിക്കൊണ്ട് തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളായ ഉത്പാദനം, മൈനിംഗ്, നിർമാണം തുടങ്ങിയവയിൽ 2019-20 ഇൽ തൊഴിൽ നഷ്ടപ്പെടും
> വ്യവസായികമേഖലയിലെയും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം മേഖലകളിലെയും വായ്പാ വളർച്ചാ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും
> വർധിച്ച് വരുന്ന തൊഴിലില്ലായ്മയും വളരാത്ത വരുമാനവും ചേർന്ന് സൃഷ്ടിച്ച ദുരിതത്തിന് ആക്കം കൂട്ടിക്കൊണ്ട് വർഷാവസാനം കൺസ്യൂമർ പ്രൈസ് ഇന്ഡക്സിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നാണയപ്പെരുപ്പം ഏഴ് ശതമാനത്തിൽ കൂടുതലായിരിക്കും.
മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തീവ്ര പരിചരണ വിഭാഗത്തിലാണ്. നോബൽ പുരസ്കാര ജേതാവ് അഭിജിത് ബാനർജിയുടെ അഭിപ്രായത്തിൽ സമ്പദ് വ്യവസ്ഥ മോശമായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ, അടുത്ത പാദത്തിൽ പെട്ടന്നുള്ള ഒരു വളർച്ചയുണ്ടാകും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഗവൺമെന്റിനെ വിമർശകരുടെ ഒരു നിരീക്ഷണവും അസ്വസ്ഥപ്പെടുത്തിയതായി കാണുന്നില്ല. ഒട്ടകപ്പക്ഷിയെപ്പോലുള്ള സമീപനം വെച്ച് പുലർത്തുന്നതിന്റെ ഭാഗമായി പരിഹാരത്തിനുള്ള എല്ലാ നടപടികളും ഗവൺമെന്റ് തള്ളിക്കളയുകയും അതിനു പകരം തെറ്റായ നടപടികൾ എടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന്, നികുതി വെട്ടിക്കുറയ്ക്കണമെങ്കിൽ പരോക്ഷ നികുതി കുറയ്ക്കുകയായിരുന്നു ഗവൺമെന്റ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതിനു പകരം കോർപറേറ്റ് മേഖലയ്ക്ക് 1,45,000 കോടിയുടെ സൗഭാഗ്യം നൽകുകയും അതിൽ നിന്നും ഉയർന്ന നിക്ഷേപമെന്ന രീതിയിൽ ഒന്നും തിരിച്ചു കിട്ടാതിരിക്കുകയുമാണ് ചെയ്തത്. രാജ്യത്തെ ദരിദ്രരുടെ കയ്യിൽ കൂടുതൽ പണം നൽകി ഡിമാൻഡ് വർധിപ്പിക്കുന്നതിന് പകരം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛ് ഭാരത് മിഷൻ, ധവള വിപ്ലവം, പ്രധാന മന്ത്രി ആവാസ് യോജന തുടങ്ങിയവയ്ക്കുള്ള വിഹിതം വെട്ടിച്ചുരുക്കുകയും ഒരു പക്ഷെ അതിൽ കുറവ് ചെലവഴിക്കുകയുമാണ് ഗവൺമെന്റ് ചെയ്തത്.
പ്രധാന മന്ത്രിയുടെ ബഡ്ജറ്റ്: അദ്ദേഹം എന്ത് ചെയ്യും?
പ്രധാന മന്ത്രി രാജ്യത്തെ 12 പ്രധാന വ്യവസായികളുമായി (മിസ് നിർമല സീതാരാമന്റെയും സഹായികളുടെയും അഭാവത്തിൽ) കൂടിക്കാഴ്ച നടത്തിയത് അദ്ദേഹത്തിന്റെ ധൈര്യമില്ലായ്മയും ധന മന്ത്രിയിലുള്ള ആത്മവിശ്വാസമില്ലായ്മയുമാണ് പ്രകടമാക്കിയത്. മാധ്യമങ്ങളിൽ വന്ന അപൂർണമായ റിപ്പോർട്ടുകളുടെയും ആ യോഗത്തിൽ പങ്കെടുത്തവരുടെ ചില സൂചനകളുടെയും അടിസ്ഥാനത്തിൽ ഫെബ്രുവരി 1, 2020 ന് അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ താഴെപ്പറയുന്ന സാധ്യതകളുണ്ട്:
1. പ്രതിവർഷം പത്തു ലക്ഷം വരെ വരുമാനമുള്ള വ്യക്തികൾക്ക് ആദായ നികുതിയിൽ ഇളവ്
2. രണ്ട് വര്ഷം സെക്യൂരിറ്റി നിലനിർത്തിയ ശേഷം ദീര്ഘകാലാടിസ്ഥാനത്തിലുള്ള മൂലധന നേട്ടത്തിൻ (ക്യാപിറ്റൽ ഗൈൻസ് ) മേലുള്ള നികുതി കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യൽ
3. ലാഭവിഹിതവിതരണ നികുതി നിരക്ക് കുറയ്ക്കുക
4.നേരിട്ടുള്ള നികുതി കോഡ് അവതരിപ്പിക്കുമെന്ന് വാഗ്ദാനം
5. നിർമാണം തുടങ്ങിയ മേഖലകളിൽ ചരക്കു സേവന നികുതിക്ക് ചിലതിനു മാത്രം ബാധകവും ഹ്രസ്വകാലാടിസ്ഥാനത്തിൽ ഉള്ളതുമായ ഇളവ്
6. പി.എം കിസാൻ തുകയിൽ നിലവിലുള്ള ആറായിരം രൂപയിൽ നിന്നുള്ള വർധനവും പദ്ധതി പുതിയ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കലും
7. വരുമാനം കൂട്ടി കണക്കാക്കിയോ കടമെടുത്തോ പ്രതിരോധം, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പട്ടികജാതി പട്ടികവർഗ , പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് , ആയുഷ്മാൻ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതി തു ടങ്ങിയവയ്ക്കുള്ള വിഹിതത്തിൽ വലിയ വർധന.
8. വ്യാവസായിക മേഖലയ്ക്ക്, പ്രത്യേകിച്ച് ചെറുകിട ഇടത്തരം മേഖലകൾക്ക് ദീർഘ-കാല സാമ്പത്തിക സഹായം ചെയ്യുന്നതിന് വേണ്ടി ഒന്നോ രണ്ടോ ഡെവലപ്മെന്റൽ ഫിനാൻഷ്യൽ ഇന്സ്റ്റിറ്റ്യൂഷൻസ് (DFI) സ്ഥാപിക്കൽ
9. വിഭവ സമാഹരണത്തിനു വേണ്ടി വിപുലമായ ഓഹരിവിറ്റഴിക്കലും അതിനൊപ്പമോ പകരമോ ആയി ആസ്തിസമാഹരണ പദ്ധതിയും
ഇഴയുന്ന സമ്പദ് വ്യവസ്ഥ
മുകളിൽ പറഞ്ഞതെല്ലാം ഫണ്ടിന് വേണ്ടി കോർപറേറ്റ് മേഖലയേയും വോട്ടിനു വേണ്ടി മധ്യ വർഗത്തെയും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി പ്രതിരോധ മേഖലയേയും വളരെയധികം ആശ്രയിക്കുന്ന ഗവൺമെന്റിന്റെ ചിന്താരീതിയുടെ ഭാഗമാണ്. ഘടനാപരമായ പരിഷ്കാരങ്ങളെക്കുറിച്ചു ചിന്തിക്കാനുള്ള ഗവൺമെന്റിന്റെ കഴിവ് പരിമിതമാണ്. ബാങ്കിങ് മേഖലയ്ക്ക് വായ്പ നല്കാൻ കഴിയും എന്ന ആത്മവിശ്വാസം അതിനില്ല. സാമ്പത്തിക സംരക്ഷണവാദത്തിൽ വിശ്വസിക്കുന്ന ഒരു ലോബി കാരണം വിദേശ വ്യാപാരത്തെ വളർച്ചയുടെ യന്ത്രമായി അത് കണക്കാക്കുന്നില്ല. ഓഹരി വിപണിയുടെ അധിക സമൃദ്ധി കുറയ്ക്കാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി തങ്ങൾക്കുള്ള ബന്ധത്തെ നിർവചിക്കാനും രണ്ടു കൂട്ടരും ചേർന്ന് സാമ്പത്തിക സ്ഥിരത നിലനിർത്തുക, വളർച്ച പ്രോത്സാഹിപ്പിക്കുക, നാണയപ്പെരുപ്പം തടയുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനും ഗവൺമെന്റിന് കഴിയുന്നില്ല.
ബി.ജെ.പി ഗവൺമെന്റിന്റെ പ്രധാന വിഷയം സമ്പദ് വ്യവസ്ഥയല്ല, മറിച്ചു ഹിന്ദുത്വ അജണ്ടയാണ്. മറുവശത്ത്, സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ തൊഴിലുകൾ, ഉല്പാദകർക്കു കൂടുതൽ വില, ശമ്പളം, വരുമാനം, താരതമ്യേനയുള്ള വില സ്ഥിരത മെച്ചമായ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചാണ് ജനങ്ങൾ ചിന്തിക്കുന്നത്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോക സമ്പദ് വ്യവസ്ഥയെ വലിച്ചിഴയ്ക്കുന്ന ഒന്നായ മാറ്റിയ ഒരു ഗവൺമെന്റിനെയാണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്നത് വേദനാപൂർവം വ്യക്തമാണ്. അന്താരാഷ്ട്ര സാമ്പത്തിക നിധിയുടെ കുറ്റം ചുമത്തുന്ന വിധി അതാണ് പറയുന്നത്.
– പരിഭാഷ : ജ്യോതി വിജയകുമാര്