ആശങ്കയുടെ ശീതകാല സമ്മേളനം

Jaihind Webdesk
Sunday, November 17, 2019

കൊടിക്കുന്നിൽ സുരേഷ് എം പി,
കോൺഗ്രസ്സ്, ലോക് സഭ ചീഫ് വിപ്പ്

പതിനേഴാം ലോക്സഭയുടെ രണ്ടാം സമ്മേളനം 2019 നവംബർ പതിനെട്ടിന് ആരംഭിക്കാനിരിക്കുമ്പോൾ കഴിഞ്ഞ ചില മാസങ്ങള്ക്കുള്ളിൽ രാജ്യത്ത് സംഭവിച്ച രാഷ്ട്രീയവും, സാമൂഹികവും, ആയ സംഭവങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നാണ് ഈ കുറിപ്പ്.

മൃഗീയ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികരത്തിൽ വന്ന മോദി സർക്കാർ ജനങ്ങൾക്കുമുമ്പിൽ തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട് നില്ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വാചാടോപങ്ങൾക്കപ്പുറത്ത് യാതൊരു കഴിവും തങ്ങൾക്കില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഓരോ ദിവസവും സാമ്പത്തിക പ്രതിസന്ധിയുടെ മുന്നിൽ പകച്ചുനിൽക്കുന്ന മോദി ഗവണ്മെന്റ്.
നോട്ട് നിരോധനം എന്ന ഹിമാലയൻ വിഢിത്തത്തിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ വഴിയാധാരമാക്കി, അവരുടെ തൊഴിലും ജീവനോപാധികളും തകർത്തെറിഞ്ഞ മോദി സർക്കാർ പ്രസ്തുത തീരുമാനത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ ഇല്ലാതാക്കി.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തൊഴിൽ തേടുന്ന പ്രമുഖ മേഖലകളാണ് നോട്ട് നിരോധനം കൊണ്ട് തകർന്നടിഞ്ഞത്. കൃഷി, ഇടത്തര-ചെറുകിട വ്യാപാരം, നിർമ്മാണ മേഖല, ടെക്സ്റ്റൈൽ, അങ്ങിനെ അസംഖ്യം അസംഘടിത മേഖലയിലെ തൊഴിലുകൾ ഒറ്റ നീക്കം കൊണ്ട് തകർന്നടിഞ്ഞു. വ്യവസായ മേഖലയിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് അവരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും, കാർഷികമേഖലയിലെ ക്രയവിക്രയങ്ങൾ കറൻസി നോട്ട് ആധാരമാക്കിയാണെന്നിരിക്കെ നോട്ട് നിരോധനം കാരണം വിത്ത് , വളം എന്നിവപോലും വാങ്ങാനാവാതെ കൃഷിക്കാർ നഷ്ടം നേരിട്ടു.

പച്ചക്കറി, പഴവർഗ കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതെ നശിക്കുന്നത് നോക്കിനിൽക്കേണ്ട ദുരവസ്ഥയും നോട്ട് നിരോധനം സൃഷ്ടിച്ചു.

ഈ സാഹചര്യത്തിലും മോദി സർക്കാർ തങ്ങൾക്ക് ‘പ്രാവീണ്യമുള്ള’ ഒരു മേഖലയിൽ നിരന്തരം വിജയിച്ചുകൊണ്ടിരുന്നു, എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്ത് അസത്യങ്ങളുടെയും വിദ്വേഷണത്തിന്റെയും വിളവെടുപ്പിൽ. 2019-ലെ പൊതുതെരഞ്ഞെടുപ്പ് കേവലം രാഷ്ട്രീയാദർശങ്ങൾ തമ്മിലായിരുന്നില്ല, മറിച്ച് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായിട്ടുള്ള മതേതരകക്ഷികളുടെ, മതേതര ഇന്ത്യയുടെ ഉദ്യമമായിരുന്നു. എന്നാൽ അതിതീവ്രദേശീയതയുടെ മറവിൽ, വരിഞ്ഞുകെട്ടപ്പെട്ട മാധ്യമങ്ങളുടെ നിശബ്ദതയുടെ മറവിൽ മോദി വീണ്ടും അധികാരത്തിലെത്തി.
രണ്ടാം മോദി സർക്കാരിന്റെ ചെറിയ പ്രവർത്തന കാലഘട്ടം തന്നെ സംശയലേശമന്യേ തെളിയിച്ചു, ഭരണപരമായ കഴിവുകളില്ലാത്ത, രാജാവിലും ഏറിയ രാജ്യഭക്തിയുള്ള ഒരുകൂട്ടം മന്ത്രിമാരുടെ അബദ്ധനാടകങ്ങൾ മാത്രമാണ് ഡൽഹിയിൽ അരങ്ങേറുന്നതെന്ന്!
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ സാമ്പത്തിക മാന്ദ്യമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 2009-2014 കാലഘട്ടത്തിൽ 6.7 ശതമാനം വാർഷിക വളർച്ച നേടിയിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് കേവലം 5 ശതമാനത്തിൽ എത്തി നില്ക്കുന്നു. ഈ ലേഖനം തയ്യാറാക്കുമ്പോൾ തന്നെ വന്ന വാർത്ത ഏറെ ആശങ്കാജനകമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ഡ്യയുടെ പുതിയ അനുമാനപ്രകാരം ജി ഡി പി നിരക്ക് 4.2 % ആയി താഴാനുള്ള സാധ്യത, രാജ്യം നേരിടാൻ പോകുന്ന വെല്ലുവിളി എത്ര ഭീകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
സമസ്ത മേഖലകളെയും ഗ്രസിച്ച സാമ്പത്തികമാന്ദ്യം, പാർലെ-ജി ബിസ്ക്കറ്റ് മുതൽ, അടിവസ്ത്രങ്ങളും, വാഹനങ്ങളും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില്പന മാന്ദ്യം സംഭവിച്ചു. കാര്ഷിക മേഖലാ വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്തെ 17 ശതമാനത്തിൽ നിന്നും കേവലം 2 ശതമാനമായി താഴ്ന്നു. ഒരു മണിക്കൂറിൽ ഒന്നെന്ന തോതിൽ കർഷക ആത്മഹത്യകൾ രാജ്യത്ത് സംഭവിക്കുന്നു.
സമസ്ത മേഖലകളെയും ഗ്രസിച്ച സാമ്പത്തികമാന്ദ്യം, പാർലെ-ജി ബിസ്ക്കറ്റ് മുതൽ, അടിവസ്ത്രങ്ങളും, വാഹനങ്ങളും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില്പന മാന്ദ്യം സംഭവിച്ചു. കാര്ഷിക മേഖലാ വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്തെ 17 ശതമാനത്തിൽ നിന്നും കേവലം 2 ശതമാനമായി താഴ്ന്നു. ഒരു മണിക്കൂറിൽ ഒന്നെന്ന തോതിൽ കർഷക ആത്മഹത്യകൾ രാജ്യത്ത് സംഭവിക്കുന്നു.

തൊഴിലില്ലായ്മ സർവ്വകാല റെക്കോർഡുകളും ഭേദിച്ച് 8.9 % ആയി വർദ്ധിച്ചു. വാഹന മേഖലയിൽ 3 ലക്ഷം തൊഴിലുകൾ ഇല്ലാതായി. ഏകദേശം മൂന്നരക്കോടി തൊഴിലുകൾ നഷ്ടപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. ബി.ജെ.പി സർക്കാരിന്റെ ഇത്തരം ‘ഭരണനേട്ടങ്ങളി ൽ’ പ്രധാനമായും കരുതേണ്ടത് ഓരോ വർഷവും 11 മുതൽ 16 ലക്ഷം വരെ തൊഴിലുകൾ നഷ്ടപ്പെട്ടുവെന്നുള്ളതാണ്.
ഇടത്തരം – ചെറുകിട വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വസ്ത്രോൽപ്പാദന മേഖലയിൽ കഴിഞ്ഞ വർഷം മാത്രം 34% ഇടിവ് സംഭവിക്കുകയും, മൂന്ന് കോടി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ഇതോടൊപ്പം ചേർത്തു വായിക്കേണ്ട കാര്യം, രാജ്യത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്ന പത്ത് സംസ്ഥാനങ്ങളിൽ ആറും ബി.ജെ.പി അല്ലെങ്കില് ബി.ജെ.പി സഖ്യ കക്ഷികൾ ഭരിക്കുന്നതാണെന്നതാണ്.
എന്നാൽ, അതേ സമയം, കോണ്ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശിൽ തൊഴിലില്ലായ്മ 2018-ലെ 7 ശതമാനത്തിൽ നിന്നും 40 ശതമാനത്തോളം കുറഞ്ഞ് 4.2 ശതമാനം ആയി , അതും സർക്കാർ ഭരണമേറ്റിട്ട് കേവലം പത്ത് മാസങ്ങൾക്കുള്ളിൽ !
മന്മോഹൻ -മോദി സർക്കാരുകൾ തമ്മിലുള്ള ഒരു താരതമ്യ പഠനം ചില വ്യാവസായിക നിർമ്മാണ മേഖലാ സൂചകങ്ങളെ അടിസ്ഥാനമാക്കി താഴെ ചേർക്കുന്നു.

ട്രാക്ടർ വില്പന (ആഭ്യന്തര വിപണി)
2009-2014- ഡോ: മൻമോഹൻ സിങ് 15.73% 2014-19- നരേന്ദ്ര മോദി 4.49%
സിമന്റ് വില്പന
(ആഭ്യന്തര വിപണി) 2009-2014- ഡോ: മൻമോഹൻ സിങ് 07.05% 2014-19- നരേന്ദ്ര മോദി 4.32%
സ്കൂട്ടർ വില്പന
(ആഭ്യന്തര വിപണി) 2009-2014- ഡോ: മൻമോഹൻ സിങ് 25.7% 2014-19- നരേന്ദ്ര മോദി 13.21%

ഈ മൂന്ന് മേഖലകൾ രാജ്യത്തിന്റൈ സമ്പദ്വ്യവസ്ഥയിൽ , പ്രത്യേകിച്ചും കാർഷിക, നിർമ്മാണ മേഖലകളുടെയും, സാധാരണക്കാരന്റെ വാങ്ങൽ ശേഷിയിലും ഉണ്ടായ വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നു.
ഇത്തരമൊരു പ്രാഥമിക കണക്കിൽപ്പോലും മനസ്സിലാക്കാൻ സാധിക്കുന്നത്, കോണ്ഗ്രസ്സ് നയിച്ച യു.പി.എ സർക്കാരിന്റെ ഭരണ കാലയളവിലെ സാമ്പത്തിക, വ്യാവസായിക , ആസൂത്രണ ഭരണ വൈദഗ്ധ്യവും, മോദിസർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ്.
വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ അനുമാനങ്ങൾ ഓരോന്നും തീർത്തും അപകടകരമായ സാമ്പത്തിക മാന്ദ്യത്തിന്റെയും , തൊഴിലില്ലായ്മയുടെയും വിസ്ഫോടകാത്മകമായ നാളുകളാണ് പ്രവചിക്കുന്നത്. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിലും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിലും പൂർണ്ണ പരാജയമായ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും വരുന്ന ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും.
രാജ്യത്തെ ഒന്നാകെ പിറകോട്ടടിച്ച അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ പ്രാപ്തരല്ലെങ്കിലും, വലതുപക്ഷ ദേശീയതയുടെ പുകമറ സൃഷ്ടിച്ച് കാതലായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നു. അത്തരം ശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യൽ ആണ്.
സുപ്രധാനമായ ചർച്ചകളും സമഗ്രമായ വിശകലനവും വേണ്ടിയിരുന്ന ഒരു വിഷയത്തെ ലോക്സഭയിൽ ‘ഒളിച്ചു കടത്തി’ നിയമനിർമ്മാണം നടത്തിയ മോദി സർക്കാർ പാർലമെന്ററി മര്യാദകളുടെ പരിപൂർണമായ നിഷേധമാണ് നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തിന്റെ പദവി ഇടിച്ചുതാഴ്ത്തി, കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി കൈക്കൊണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ “രണ്ടാം കഴ്സൺ ” എന്ന വിശേഷണത്തിനാണ് അർഹമാക്കുക.
ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത ശേഷം എല്ലാ തരത്തിലുമുള്ള ജനാധിപത്യ അഭിപ്രായപ്രകടനങ്ങളേയും നിരോധിച്ച കേന്ദ്ര സർക്കാർ കാശ്മീരിലെ പ്രമുഖ നേതാക്കളായ മുന്മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, ഒമർ അബ്ദുള്ള, മഹ്ബൂബ മുഫ്തി എന്നിവരെപ്പോലും തടങ്കലിലാക്കുകയും, അടിസ്ഥാന സ്വാതന്ത്ര്യങ്ങള് പോലും കാശ്മീരി ജനതയ്ക്ക് ഒട്ടാകെ നിഷേധിക്കുകായും ചെയ്തിരിക്കുന്നു. കഴിഞ്ഞ നൂറ് ദിനങ്ങൾ കൊണ്ട്, “ഭാരതത്തിന്റെ രത്നമകുടം” എന്നറിയപ്പെടുന്ന കാശ്മീർ ഒരു തടവറയായി മാറ്റപ്പെട്ടിരിക്കുന്നു.
ഇന്റർനെറ്റ്, മൊബൈൽ ഉൾപ്പെടെയുള്ള വാർത്താ വിനിമയോപാധിക ൾ പോലും നിഷേധിക്കപ്പെട്ട കാശ്മീരി ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ് “തിരഞ്ഞെടുക്കപ്പെട്ട” യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളുടെ കാശ്മീർ സന്ദർശന നാടകം മോദി സർക്കാർ അരങ്ങേറ്റിയത്. കശ്മീർ വിഷയമുൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ശീതകാല സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കും.
അതിൽ ചില വിഷയങ്ങൾ താഴെപ്പറയുന്നവയാണ്:
വാട്സാപ്പ് ചോർത്തൽ വിവാദം,
ഇസ്രയേൽ നിർമ്മിത ചാര സോഫ്ട്വെയർ ഉപയോഗിച്ച് വാട്ട്സാപ്പ് വിവരങ്ങള് ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ സംശയാസ്പദമായ നടപടികളും, വ്യക്തികളുടെ സ്വകാര്യതയിൽ സ്റ്റേറ്റിന്റെ കടന്നുകയറ്റവും ഗുരുതരമായ വിഷയങ്ങളാണ്. മാധ്യമപ്രവർത്തകർ, പ്രമുഖ രാഷ്ട്രീയ, പൊതു പ്രവർത്തകർ , അഭിഭാഷകർ, ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ചോർത്തിയെന്ന് വാട്ട്സാപ്പ് അധികൃതർ അമേരിക്കൻ ഫെഡറൽ കോടതിയെ അറിയിക്കുകയുണ്ടായി. ‘ പെഗാസസ് സോഫ്ട്വെയർ സർക്കാർ ഏജൻസികൾക്ക് മാത്രമേ നൽകിയുള്ളൂ എന്ന കമ്പനിയുടെ വിശദീകരണം, സർക്കാരിന്റെ ഈ വിഷയത്തിലുള്ള ദുരൂഹമായ ഇടപെടലുകൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കേണ്ടതുണ്ട്.

ജി.എസ്.ടി – പ്രത്യക്ഷ നികുതി വരവിൽ സംഭവിച്ച വൻ ഇടിവ് ഗൗരവമാർന്ന ചർച്ചകൾ ആവശ്യമുള്ള വിഷയമാണ്. സെപ്റ്റംബർ മാസത്തിലെ ജി.എസ്.ടി വരവ് ഒരുലക്ഷം കോടിയിൽ നിന്ന് താഴ്ന്ന് 91916 കോടി രൂപയായി കുറഞ്ഞത് രാജ്യത്ത് നിലനില്ക്കുന്ന സാ മ്പത്തിക മാന്ദ്യത്തിന്റെ പ്രത്യക്ഷ സൂചകമായി അനുമാനിക്കേണ്ടതുണ്ട്.
നിത്യോപയോഗ വസ്തുക്കളുടെ അനിയന്ത്രിതമായ വിലവവർദ്ധനവ് ജനങ്ങൾക്ക് മേൽ ഇരട്ടി ദുരിതമാണ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഉള്ളിയുടെ വില 40% വരെ വർദ്ധനവ് സംഭവിച്ച് കിലോഗ്രാമിന് 80 രൂപ വരെയായി ഉയർന്നു . 2014-ല് 1552 രൂപ പ്രതി ക്വിന്റൽ ഉണ്ടായിരുന്ന ഉള്ളിവില 2019 സെപ്റ്റംബറിൽ 4000 രൂപ പ്രതി ക്വിന്റൽ ആയി വർദ്ധിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വില നിയന്ത്രണത്തിനായി യാതൊരു നടപടിയും , വിപണിയിൽ സജീവമായുള്ള ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.

നിയന്ത്രണാതീതമായ അന്തരീക്ഷ മലിനീകരണം കാരണം രാജ്യതലസ്ഥാനം ലോകത്ത് തന്നെ ഏറ്റവും പ്രദൂഷിതമായ നഗരങ്ങളിൽ ഒന്നാമതായിരിക്കുന്നു. വായു ഗുണനിലവാര സൂചകത്തിൽ 500 പോയിന്റുകൾ മറികടന്ന് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ, കുട്ടികളുൾപ്പെടെയുള്ളവരുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പാടേ തകരുന്ന സ്ഥിതിവിശേഷത്തിലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര സർക്കാറിന്റെ കുറ്റകരമായ അനാസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷവും അനാസ്ഥ തുടരുന്ന കേന്ദ്ര സർക്കാർ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുകയാണ്.
കേന്ദ്ര സർക്കാർ ഏജൻസികളെ സർക്കാരിന്റെയും ബി.ജെ.പിയുടെയും ചട്ടുകങ്ങളാക്കി മാറ്റി, പ്രതിപക്ഷ നേതാക്കളെ തേജോവധം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും, ചെയ്യുന്ന മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസത്തയെ പോലും ഇല്ലാതാക്കിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ച മുൻ ധനമന്ത്രി പി.ചിദംബരം മുതൽ കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവായ ഡി.കെ. ശിവകുമാർ വരെയുള്ള കോണ്ഗ്രസ്സ് നേതാക്കളുടെ അറസ്റ്റ് തികച്ചും രാഷ്ട്രീയപ്രേരിതമാണ്.

പഞ്ചാബ്, മഹാരാഷ്ട്രാ സഹകരണ ബാങ്ക് അഴിമതിയും, പരമാവധി വായ്പാ പരിധിയും മറികടന്ന്, ബാധ്യതയുള്ള സ്ഥാപനങ്ങൾക്ക് ചട്ടം ലംഘിച്ച് വായ്പ നല്കിയ നടപടിയിൽ വിശദമായ അന്വേഷണം നടത്താതിരുന്നതും, ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകർക്ക് തങ്ങളുടെ പണം പിൻവലിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായതും അന്വേഷണ വിധേയമാക്കുകയും പ്രസ്തുത ബാങ്കിന്റെ പന്ത്രണ്ട് ഡയറക്ക്ട്ടർമാർക്ക് ബി.ജെ.പി യുമായുള്ള ബന്ധവും അവര്ക്ക് ഈ തട്ടിപ്പിലുള്ള പങ്കും അന്വേഷിക്കണം.

റഫാൽ വിധി പുനപരിശോധനാ ഹർജി തള്ളിയ സുപ്രീംകോടതി വിധി നിലവിലുള്ളപ്പോഴും, അതേ വിധിന്യായത്തിൽ ജസ്റ്റിസ് ജോസഫ് രേഖപ്പെടുത്തിയ വ്യത്യസ്ത വിധിന്യായം കണക്കിലെടുത്ത് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം. ജസ്റ്റിസ് ജോസഫിന്റെ നിരീക്ഷണങ്ങളിൽ പ്രധാനം സർക്കാർ അനുമതിയോടെ സി.ബി.ഐ ക്ക് അഴിമതി നിരോധന നിയമത്തിലെ 17 (എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താമെന്നതാണ് . അന്വേഷണം പുനരാരംഭിക്കാൻ ശീതകാല സമ്മേളനത്തിൽ കോണ്ഗ്രസ്സ് ശക്തമായി ആവശ്യപ്പെടും. റഫാൽ വിഷയത്തിൽ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യവും സഭയിൽ ഉന്നയിക്കും.

തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്കുമേൽ ബി.ജെ.പിയുടെ “ഗവർണ്ണർ രാജ് ” ഭരണഘടനാ മര്യാദകളുടെ പരസ്യമായ ലംഘനമാണ്. പശ്ചിമബംഗാൾ സർക്കാരിനു നേരേ ഗവർണ്ണർ നടത്തുന്ന പ്രസ്താവനക ളും , ഗവർണ്ണർ പദവിയുടെ അന്തസിന് വിരുദ്ധമായ സംസ്ഥാന സര്ക്കാരിനെതിരെ നടത്തുന്ന പരസ്യ പ്രസ്താവനകളും നിയന്ത്രിക്കണം. ഗവർണർമാർ സംസ്ഥാനത്തിന്റെ സർവ്വതോൻമുഖമായ വികസനത്തിനുവേണ്ടിയും ഭരണഘടനയുടെ ഗരിമ പാലിക്കാനുമായിട്ടാകണം നിലകൊള്ളേണ്ടത്. ബി.ജെ.പി ഗവർണ്ണർമാർ സമാന്തര സർക്കാരുകളായി പ്രവർത്തിക്കുവാൻ ശ്രമിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലും പ്രകടമാണ്.
ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാതെ കേവലം ആകാശക്കൊട്ടാരങ്ങൾ പണിയുന്ന തിരക്കിലാണ് മോദി സർക്കാർ . അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥ എന്നത് ഇന്ത്യയുടെ സ്വപ്നമാണ് എന്ന് പ്രസംഗിക്കുമ്പോഴും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു , ഗ്ലോബൽ ഹങ്കർ ഇൻഡക്സിൽ നേപ്പാളിനും ഉത്തര കൊറിയക്കും പാകിസ്ഥാനും പിന്നിൽ 102-ാമതായി നില്ക്കുന്നുവെന്നതാണ് യാഥാര്ത്ഥ്യം. രാജ്യത്തെ ഉപഭോക്തൃചെലവ് സംബന്ധിച്ച സർവ്വേ പ്രകാരം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് ഗ്രാമീണ മേഖലയിലെ ജനങ്ങൾ ഉപഭോഗ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന തുകയിൽ കുറവ് വരുന്നത്.
ജനജീവിതത്തിന്റെ സമസ്ത മേഖലയിലും ദുരിതം മാത്രം സമ്മാനിച്ച മോദി സർക്കാർ, രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള പ്രതികാര നടപടികളിൽ മാത്രം മുന്നേറുന്നു. രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ ത്യജിച്ച, ദേശത്തിന്റെ അഖണ്ഡതയ്ക്കായി രക്തസാക്ഷികളായ ഇന്ദിരാഗാന്ധിയുടേയും രാജീവ്ഗാന്ധിയുടേയും കുടുംബാംഗങ്ങൾക്ക് 28 വർഷമായി നൽകി വന്ന എസ പി ജി സുരക്ഷ പിൻവലിച്ച നടപടി വലിയ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. ഇത്തരം പ്രതികാര നടപടികൾ നടപ്പാക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ഭരണകൂടമായി മോദി സർക്കാർ തരം താഴ്ന്നിരിക്കുന്നു.
രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കുമേൽ നിരന്തരം നടക്കുന്ന ആൾക്കൂട്ട ആക്രമണവും, ദളിത്, ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരം നടക്കുന്ന കുറ്റകൃത്യങ്ങളും മാത്രമല്ലാ, നിയമ നിർമാണങ്ങളുടെ മറവിൽ വിവിധ ജനവിഭാഗങ്ങളുടെ പൗരത്വം പോലും അപഹരിക്കുവാൻ കേന്ദ്ര സർക്കാരിന് മടിയില്ലാതായിരിക്കുന്നു. പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന മോദി സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിലൂടെ പൗരത്വം നല്കുവാനുള്ള ശ്രമങ്ങൾ കോൺഗ്രസ്സ് ലോക്സഭയിൽ ശക്തമായി എതിർക്കും.
അധികാര പ്രമത്തതയിൽ ജനാധിപത്യത്തിൽ ജനങ്ങളുടെ സ്ഥാനം എന്തെന്ന് മറന്നുപോയ ബി.ജെ.പിക്ക് ഏറ്റ കനത്ത പ്രഹരമാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും അവര്ക്ക് ഏറ്റ കനത്ത തിരിച്ചടി.
ദേശീയതയുടെ വാഗ്ധോരണിക്കപ്പുറത്താണ് ജീവിക്കാനുള്ള അവകാശമെന്ന് പ്രബുദ്ധരായ വോട്ടര്മാർ ബി.ജെപിക്ക് മനസ്സിലാക്കിക്കൊടുത്ത തെരഞ്ഞെടുപ്പ് ‘ കോണ്ഗ്രസ്സ് വിമുക്ത ഭാരതം’ എന്ന വിദ്വേഷം നിറഞ്ഞ ആശയത്തെ പുറന്തള്ളിയിരിക്കുന്നു. ഗാന്ധിജിയും നെഹ്രുവും അംബേദ്കറും ചേർന്ന് പടുത്തുയർത്തിയ ഇന്ത്യയിൽ വിഭാഗീയതയുടെ വിത്തുകൾ വിതയ്ക്കാൻ എത്രയൊക്കെ ശ്രമിച്ചാലും സാധിക്കില്ല, കാരണം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ വൈവിധ്യങ്ങളിലെ ഏകത്വ സങ്കല്പമാണ്