‘കലാപരമായി ഒരുക്കിയ പ്രകടനം’ മോദിയുടെ പ്രസംഗത്തില്‍ വിമർശനവുമായി ശശി തരൂർ

Jaihind News Bureau
Thursday, February 11, 2021

 

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകാരിക പ്രസംഗം കലാപരമായി ഒരുക്കിയ പ്രകടനമെന്ന വിമർശനവുമായി ശശി തരൂർ എം.പി.  പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന് രാജ്യസഭയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി  വിതുമ്പിയതിനെക്കുറിച്ച് ചർച്ചകള്‍ നടക്കുന്നതിനിടെയാണ് തരൂരിന്‍റെ വിമർശനം.

രാജ്യസഭയിൽ നിന്ന് ഈ മാസം കാലാവധി പൂർത്തിയാക്കുന്ന നേതാക്കൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് നരേന്ദ്ര മോദി വിതുമ്പിയത്. ഗുലാം നബി ആസാദിനെക്കുറിച്ചു പറയുന്നതിനിടെ നിരവധി തവണ മോദിയുടെ കണ്ഠമിടറുകയും കണ്ണീരൊപ്പുകയും ചെയ്തു. എന്നാലിത് വളരെ കലാപരമായി തയാറാക്കിയ പ്രകടനമാണെന്നായിരുന്നു ശശി തരൂരിന്‍റെ വിമർശനം.

‘ഇത് (പ്രധാനമന്ത്രിയുടെ വിടവാങ്ങൽ പ്രസംഗം) വളരെ കലാപരമായി തയാറാക്കിയ പ്രകടനമാണ്’ – മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ “ബൈ മെനി എ ഹാപ്പി ആക്സിഡന്‍റ്: റീകളക്ഷൻസ് ഓഫ് എ ലൈഫ്” എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു തരൂരിന്‍റെ പ്രതികരണം.

കർഷകനേതാവ് രാകേഷ് ടികായത്തിന്‍റെ കണ്ണീരിനും ഇക്കാര്യത്തിൽ ഭാഗികമായി ഉത്തരവാദിത്തമുണ്ടെന്ന് തരൂർ പരിഹാസരൂപേണ പറഞ്ഞു . കർഷക വേദന പറ‍ഞ്ഞ് കരഞ്ഞ ടികായത്തിന് മാത്രമല്ല തനിക്കും കണ്ണീരുണ്ട് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും ശശി തരൂർ പറഞ്ഞു.