ശബരിമല സംഘർഷവുമായി ബന്ധപ്പട്ട് അറസ്റ്റ് തുടരുന്നു. ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനങ്ങളുണ്ടായെങ്കിലും അറസ്റ്റുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ഇതുവരെ 3011 പേർ അറസ്റ്റിലായി. 495 കേസുകൾ ഇതു വരെ രജിസ്റ്റർ ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മാത്രം 764 പേരെ അറസ്റ്റു ചെയ്‌തെന്നാണ് വിവരം. പകുതിയിലധികം പേർ ജാമ്യം നേടി പുറത്തു പോയിട്ടുണ്ട്. ബാക്കിയുള്ളവർ റിമാൻഡിലാണ്. പൊതു മുതൽ നശിപ്പിച്ച കേസിലാണ് കൂടുതൽ പേർ പിടിയിലായിരിക്കുന്നതെന്നു പോലീസ് പറയുന്നു. തെക്കൻ ജില്ലകളിലാണ് കൂടുതൽ അറസ്റ്റുണ്ടായിരിക്കുന്നത്. കൂടാതെ പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ളവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. സർക്കാർ ഗ്യാലറിക്ക് വേണ്ടി കളിക്കരുതെന്ന ഹൈക്കോടതിയുടെ വിമർശനം വകവെക്കാതെയാണ് സർക്കാരിന്റെ നീക്കം. വരും ദിവസങ്ങളിലും അറസ്റ്റുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പോലീസ് അധികൃതരുടെ ഉന്നതതല യോഗം ചേരുന്നതിനു മുന്നോടിയായി അറസ്റ്റ് നടപടികൾ പൂർത്തീകരിക്കാനാണ് ഡിജിപിയുടെ നിർദേശം. കെ എസ് ആർ ടി സി ബസ് ഉൾപ്പെടെ പൊതുമുതൽ തകർത്ത കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ 10,000 രൂപ മുതൽ 13 ലക്ഷം രൂപ വരെ കെട്ടി വക്കേണ്ടി വരും.